ലഖ്‌നൗ: ലൗ ജിഹാദ് ആരോപിച്ച് യുപിയില്‍ യുവാവിനും യുവതിക്കുമെതിരെ ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയുടെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മീററ്റിലെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും യുവാവിനെയും ആക്രമിച്ചത്.
ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചതായും പരാതിയുണ്ട്. പൊലീസും യുവവാഹിനി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിന് കൂട്ടുനിന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടുണ്ട്.
മുറിക്കുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചാണ് യുവവാഹിനി പ്രവര്‍ത്തകര്‍ യുവാവിനെയും യുവതിയെയും വീടുകേറി ആക്രമിക്കുന്നത്. യുവാവിന്റെ മതവും കുടുംബാംഗങ്ങളുടെ പേരുകളും ചോദിച്ചായിരുന്നു പ്രവര്‍ത്തകരുടെ ആക്രമണം. ഇവരെ പൊതു സ്ഥലത്തുകൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപംകൊടുത്ത സംഘടനയാണ് ഹിന്ദു യുവവാഹിനി.