X

കരിമ്പനകളുടെ നാട്ടില്‍ കരളുറപ്പോടെ കരുത്തോടെ…

 

ലുഖ്മാന്‍ മമ്പാട്
മണ്ണാര്‍ക്കാട്

കലയുടെയും സംസ്‌കാരത്തിന്റെയും അഗ്രഹാരങ്ങള്‍ വൈവിധ്യം തീര്‍ക്കുന്ന കരിമ്പനകളുടെ നാട്ടില്‍ ഹരിത യൗവനത്തിന്റെ കരുത്തറിയിച്ച് യുവജനയാത്ര. പരല്‍മീനുകള്‍ നീന്തുന്ന നെല്ലറയുടെ ഹൃദയത്തിലേക്ക് മുസ്്‌ലിം യൂത്ത് ലീഗ് യുവജനയാത്രയെ കരളില്‍ കുടിയിരുത്തി. പടയോട്ടങ്ങളില്‍ വര്‍ഗീയ മുക്തമാക്കി ടിപ്പുസുല്‍ത്താന്‍ കോട്ടകെട്ടിയ മണ്ണില്‍ അക്രമരഹിത സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും പി.കെ ഫിറോസിനും എം.എ സമദിനും നജീബ് കാന്തപുരത്തിനും പിന്നില്‍ യുവ ചേതന അണിയണിയായി ഒഴുകി.
ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ ഹരിത പതാക ആദ്യമായി ഉയര്‍ത്തിയ പുതുനഗരത്തിന്റെ പാരമ്പര്യ വഴികളിലൂടെ നവയൗവനം കരളുറപ്പോടെ അടിവെച്ചു നീങ്ങിയപ്പോള്‍ ധര്‍മ്മപുരാണം മുഴങ്ങി. യുവജനയാത്രയുടെ പതിനാറാം ദിനം ആശീര്‍വാദങ്ങളുടെ ഇതിഹാസ ഭൂമികയില്‍ ജനവരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പടയോട്ടം തീര്‍ത്തു.
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, സ്ഥിരാംഗങ്ങളായ അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ ഹാരിസ്, സി.കെ ഹാരിഫ്, എ ഷാജഹാന്‍, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്നലെ രാവിലെ നാട്ടുകലില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ആര്യമ്പാവില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എന്‍.എ കരീം സംസാരിച്ചു. പാറശ്ശേരി ഹസന്‍ അദ്ധ്യക്ഷത വഹിച്ചു. ചുങ്കത്തെയും മണ്ണാര്‍ക്കാട്ടെയും സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം കൊങ്ങാട് ചിറക്കല്‍പടിയില്‍ മഹാസമ്മേളനത്തോടെ സമാപിച്ചു.
കുരമ്പത്തൂര്‍ ചുങ്കത്തെ സ്വീകരണീ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് നടന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സലാം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ചിറക്കല്‍ പടിയില്‍ നടന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ലീഗ് പ്രസിഡണ്ട് കെ.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കര നാരായണന്‍ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം, യാത്രാ നായകരായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ. സമദ്, നജീബ് കാന്തപുരം പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍സര്‍ സാദത്ത് ,കെ.എ.സിയാദ് , ഗഫൂര്‍ കോല്‍ക്കളത്തില്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു.
‘വര്‍ഗീയ മുക്ത ഭാരതം ,അക്രമരഹിത കേരളം, ജന വിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ കഴിഞ്ഞ 24 ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച പദയാത്ര ഇന്ന് രാവിലെ എട്ടിന് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പ്രയാണം തുടങ്ങി പോങ്ങാട്ടിരിയിലെയും (10 മണി) വല്ലപ്പുഴയിലെയും (12.30) സ്വീകരണ ശേഷം പട്ടാമ്പിയില്‍ സമാപിക്കും. മഹാ സമ്മേളനത്തില്‍ ജില്ലയിലെ ഗ്രീന്‍ ഗാഡുകള്‍ മാര്‍ച്ച് പാസ്റ്റ് നടത്തും. നാളെ തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശക്കും.

chandrika: