മഞ്ചേശ്വരം: വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ ആവേശോജ്ജ്വല തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യുവജന യാത്ര ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കും. രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്കും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെയുമാണ് യുവജന യാത്ര.
ബന്ധുനിയമനമടക്കമുള്ള ഇടത് സര്‍ക്കാര്‍ മന്ത്രിസഭയിലെ ജലീല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സ്വജനപക്ഷപാതവും, അഴിമതിയും ജാഥയിലൂടെ ജനങ്ങളുടെ മുന്‍പില്‍ വിശദീകരിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, ട്രഷറര്‍ എം എ സമദ് എന്നിവരാണ് ജാഥ നയിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലി കുട്ടി മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജെ പരമേശ്വര മുഖ്യാഥിതിയായെത്തി. സാദിഖലി ശിഹാബ് തങ്ങള്‍, ബെന്നി ബഹനാന്‍, ഇടി മുഹമ്മദ് ബഷീര്‍, വിപി അബ്ദുല്‍ വഹാബ്, കെപിഎ മജീദ്, എംകെ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.