X

തുഞ്ചന്റെ മണ്ണില്‍ ഹരിതയൗവനാരവം

 

ലുഖ്മാന്‍ മമ്പാട്

 

നെഞ്ചൂക്ക് കൊണ്ട് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ അതിശയിപ്പിച്ച വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ നിണമണിഞ്ഞ തുഞ്ചന്റെ മണ്ണില്‍ ഹരിത യൗവനത്തിന്റെ പടയോട്ടം. അടിമത്വത്തെ അറബിക്കടലിലെറിഞ്ഞ് നികുതി നിഷേധ സമരത്തിലൂടെ വിശ്വോത്തര മാതൃക തീര്‍ത്ത സൂഫീവര്യന്‍ വെളിയങ്കോട് ഉമര്‍ ഖാസിയുടെ പിന്‍മുറക്കാര്‍ നവവെല്ലുവിളികളോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആയിരങ്ങള്‍ അതേറ്റുപാടി. വര്‍ഗീയ മുക്ത അക്രമ രഹിത സമൂഹത്തിന് അസ്ഥിവാരമിട്ട് ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന മുന്നേറ്റത്തെ വര്‍ണ്ണിക്കാന്‍ കിളിപ്പാട്ടുകള്‍ വീണ്ടും തുടികൊട്ടി.
തിരുവിതാംകൂര്‍, കൊച്ചി രാജവംശങ്ങളെ അരയിട്ട് വാഴിക്കാനും ഉന്നത കുലജാതരായി ഗണിക്കുന്ന കാലത്ത് ബ്രാഹ്മണരെ ശിക്ഷിക്കാനും അധികാരമുണ്ടായിരുന്ന ധര്‍മ്മത്തിന്റെ ഉന്നത സ്ഥാനീയരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശിസുകളോടെയാണ് പതിമൂന്നാം ദിന യുവജന യാത്രക്ക് ഇന്നലെ തുടക്കം കുറിച്ചത്. നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, അസിറ്റന്റു ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, സ്ഥിരാംഗങ്ങളായ അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ ഹാരിസ്, സി.കെ ഹാരിഫ്, കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, ടി.കെ നവാസ്, എ ഷാജഹാന്‍, വി.എം റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ യുവജന യാത്ര അടിവെച്ചപ്പോള്‍ ആയിരങ്ങള്‍ പിന്നില്‍ അണിചേര്‍ന്നു.
ആലത്തിയൂരില്‍ നിന്നാരംഭിച്ച യാത്ര വൈകീട്ട് വൈറ്റ് ഗാര്‍ഡ് പരേഡോട് കൂടിയാണ് തീരുരില്‍ സമാപിച്ചത്. അഞ്ച് ആനകളും രണ്ടു കുതിരകളും യാത്രക്ക് മിഴിവേകി. ജില്ലയിലെ എട്ടു നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പരേഡാണ് നഗരത്തില്‍ നടന്നത്. ആലത്തിയൂരില്‍ നിന്നും ആയിരങ്ങളാണ് യാത്രയില്‍ അണിചേര്‍ന്നത്. വഴിയുലടനീളം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.
എസ്.എസ്.എം പോളിടെക്‌നിക്ക് പരിസരത്ത് നിന്നും ആരംഭിച്ച വൈറ്റ് ഗാര്‍ഡ് പരേഡിന് പിറകിലേക്കായി ജാഥ എത്തിച്ചേരുകയായിരുന്നു. പിന്നീട് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും യാത്രാ അംഗങ്ങളും ചിട്ടയൊത്ത് നഗരത്തിലേക്ക് നീങ്ങിയപ്പോള്‍ നഗരവീഥികള്‍ പാല്‍ക്കടലായി മാറി. പതിനായിരങ്ങള്‍ പങ്കെടുത്ത സ്വീകരണ സമ്മേളനം മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.

chandrika: