നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട തെലുങ്കുദേശം പാര്‍ട്ടിയുമാണ് (ടി.ഡി.പി ) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ തടസപ്പെട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നാണ് സ്പീക്കര്‍ സുമിത്രാ മഹാജന്റെ നിലപാട്.
അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട് . 50 എം.പിമാരുടെ പിന്തുണയാണ് പ്രമേയം പരിഗണിക്കാന്‍ വേണ്ടത്. എന്നാല്‍ അവിശ്വാസ പ്രമേയത്തെ ആദ്യം പിന്തുണച്ചിരുന്ന അണ്ണാ ഡിഎംകെ പിന്നോട്ടു പോയി.
അതേസമയം മോദിയേയും സര്‍ക്കാറിനേയും നിരന്തരം വിമര്‍ശിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായ ശിവസേന എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാവും. ശിവസേന നേതാവ് ഉദവ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നവിസ് നടത്തിയ അനുരഞ്ജന ചര്‍ച്ചയിലൂടെ ശിവസേനയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിനൊപ്പം ഉറപ്പിച്ചു നിര്‍ത്തിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
ആന്ധ്രാപ്രദേശിന് പ്രകേത പദ്ദവിക്കായുള്ള സമ്മര്‍ദ രാഷ്ട്രീയത്തിന്റെ ഭാഗമായി വൈ എസ് ആര്‍ കോണ്‍ഗ്രസും ടി ഡി പി യും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ സുപ്രധാന നീക്കമാണ്. അവിശ്വാസം മറികടക്കാനുള്ള അംഗബലം ബി.ജെ.പി ക്കുണ്ട്. ശിവസേനയും അകാലിദളും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ബി.ജെ.പിയെ കൈവിട്ടാല്‍ അത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാവും.
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അവിശ്വാസം പ്രമേയം പരിഗണിക്കാതെ സഭ പിരിച്ചുവിടുകയായിരുന്നു സ്പീക്കര്‍. സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.