ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ. എസ്.ആര്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്‍ 25 ലോക്‌സഭാ സീറ്റില്‍ 23 ഉം പിടിച്ച് ടി.ഡി.പിയെ ചിത്രത്തില്‍ നിന്നും നീക്കി. 175 അംഗ നിയമസഭയില്‍ വൈ. എസ്.ആര്‍.സി.പി 151 സീറ്റുകള്‍ നേടിയപ്പോള്‍ ടി.ഡി.പിയുടെ നേട്ടം വെറും 24ല്‍ ഒതുങ്ങി. ആദ്യം കൂടെനില്‍ക്കുകയും പിന്നീട് മോദിക്കെതിരെ പ്രതിപക്ഷ സഖ്യത്തിനായി രാജ്യത്തുടനീളം ഓടിനടന്ന് പണിയെടുക്കുകയും ചെയ്ക നായിഡുവിനെ പക്ഷേ സംസ്ഥാനം കൈവിടുകയായിരുന്നു.
ഈ മാസം 30ന് ജഗന്റെ നേതൃത്വത്തിലുള്ള വൈ. എസ്.ആര്‍. സി.പി സര്‍ക്കാര്‍ അധികാരമേല്‍ക്കും. നാളെ ചേരുന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗം ജഗനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകനായ ജഗന്‍ ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
ആന്ധ്രയുടെ പ്രത്യേക പദവിക്കായുള്ള ഞങ്ങളുടെ ആവശ്യങ്ങള്‍ തുടരും വിജയശേഷം ജഗന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഞാന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഞങ്ങളുടെ ആവശ്യം അറിയിക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു
സംസ്ഥാനത്ത് കനത്ത പരാജയമടഞ്ഞതിന് പിന്നാലെ ലോക്‌സഭയില്‍ ഒരംഗം മാത്രമായ ടി.ഡി.പിയുടെയും ചന്ദ്രബാബു നായിഡുവിന്റേയും ദേശീയ രാഷ്ട്രീയ ഭാവി തന്നെ ഇനി ചോദ്യം ചെയ്യപ്പെടും. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 47 കാരനായ ജഗനെ തേടി സംസ്ഥാന ഭരണമെത്തുന്നത്. 2009ല്‍ പിതാവ് വൈ.എസ്.ആറിന്റെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങിയ ജഗന്‍ ഇതിന് സാധിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് പിളര്‍ത്തി വൈ.എസ്.ആര്‍. സി.പി രൂപീകരിച്ചത്.