ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഈ ആവശ്യവുമായി നിലപാട് കടുപ്പിച്ചതോടെയാണ് ടി.ഡി.പി എന്‍.ഡി.എ വിടാന്‍ ആലോചിക്കുന്നത്.
അതേ സമയം ലോക്‌സഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് ടി.ഡി.പി വ്യക്തമാക്കി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്ന് ടി.ഡി.പിയുടെ മുഴുവന്‍ എം.പിമാരും എം.എല്‍.എമാരും പാര്‍ട്ടി അധ്യക്ഷനോട് ആവശ്യപ്പെടുകയായിരുന്നു. ആന്ധ്ര വിഷയത്തില്‍ എന്‍.ഡി.എ സഖ്യം വിടാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഢി ടി.ഡി.പിയെ വെല്ലുവിളിച്ചിരുന്നു.
ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഇന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗം വൈ.വി സുബ്ബ റെഡ്ഢി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ഭരണകക്ഷിയായ എന്‍.ഡി.എക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല. അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ജഗന്‍മോഹന്‍ റെഡ്ഢി എല്ലാ പാര്‍ട്ടികള്‍ക്കും കത്തയച്ചിട്ടുണ്ട്. തെലുങ്കു അഭിമാന പ്രശ്‌നമാണ് സംസ്ഥാനത്തിന് പ്രത്യേക പദവിയെന്നത്. ഇതിനു വേണ്ടി പാര്‍ട്ടി എല്ലാവരുടേയും പിന്തുണ തേടിയിട്ടുണ്ടെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി വിജയ് സായി റെഡ്ഢി അറിയിച്ചു.
അതിനിടെ ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്ര ബാബുനായിഡു എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായവതി എന്നിവരുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടി.ഡി.പി സഖ്യത്തില്‍ നിന്നും വിട്ടു പോകുന്നത് ഭരണ കക്ഷിയായ എന്‍.ഡി.എക്ക് നിലവില്‍ ഭീഷണി സൃഷ്ടിക്കുന്നില്ലെങ്കിലും സഖ്യം പിരിയുന്നത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ബി.ജെ.പിയുടെ സ്വപ്‌നത്തിന് ഇത് മങ്ങലേല്‍പിക്കും. യു.പിയില്‍ ബി.എസ്.പി, എസ്.പി സഖ്യം രൂപപ്പെടുകയാണെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്‍ണായകമാവും.