അരീക്കോട് : അരീക്കോട്ട് ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെ യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവത്തിൽ 11 ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സാദിൽ, തൃപ്പനച്ചി സ്വദേശി കെ. സൽമാൻ, തവരാപ്പറമ്പ് സ്വദേശി എൻ.കെ. അബ്ദുൽ ഗഫൂർ, ഏലിയാപറമ്പ് സ്വദേശി ഉബൈദുല്ല ശാക്കിർ, കാവനൂർ സ്വദേശി കെ.വി. ശ്രീജേഷ്, ചെമ്രക്കാട്ടൂർ സ്വദേശി ടി.സി. അബ്ദുൽ നാസർ, മണ്ണാറക്കൽപാറ സ്വദേശി നസീർ പള്ളിയാലി, കുരിക്കലംപാട് സ്വദേശി എസ്. ജിനേഷ്, മൈത്ര സ്വദേശി എം.കെ. മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫ്, കിഴിശ്ശേരി സ്വദേശി പി. സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നവംബർ 30 ന് യൂട്യൂബ് ചാനൽ ഉടമ കുഴിമണ്ണ സ്വദേശി നിസാർ ബാബു അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം. നേരത്തെ കുഴിമണ്ണ പഞ്ചായത്തിലെ കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കൈയേറ്റത്തിൽ പരിക്കേറ്റ നിസാർ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് 11 പ്രതികളും ചൊവ്വാഴ്ച ഉച്ചയോടെ കീഴടങ്ങിയത്.
അതേസമയം, ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലയുള്ള ഫോണും, മൈക്കും ഇവർ പിടിച്ചെടുത്തിരുന്നെന്നും അരീക്കോട് പൊലീസിൽ നൽകിയിട്ടും തിരികെ ലഭിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും നിസാർ ബാബു പറഞ്ഞു.