തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ സ്ത്രീ വിരുദ്ധ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് വീഡിയോകള്‍ നീക്കം ചെയ്തത്. വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു.
അതേസമയം വിജയ് പി നായരുടെ ഡോക്ടറേറ്റ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് ഒരു സ്ഥാപനത്തില്‍ നിന്നാണ് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചെന്നൈയില്‍ ഇയാള്‍ പറയുന്ന പോലെ ഒരു സ്ഥാപനം ഇല്ലെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണിത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാലു മാസം മുന്‍പ് തുടങ്ങിയ ചാനലില്‍ സിനിമയും സ്‌റ്റോക്ക് മാര്‍ക്കറ്റിങ്ങുമായിരുന്നു ഉള്ളടക്കം. പിന്നീടാണ് സ്ത്രീകളെ അപഹസിക്കുന്ന അശ്ലീല വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയതിന് നേരത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരെ വീട്ടില്‍ പോയി തല്ലിയിരുന്നു. സംഭവത്തില്‍ അയാളോട് മാപ്പു പറയാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലൈവ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ ഇരു പക്ഷക്കാര്‍ക്കും എതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ട്.