വീഡിയോ സ്ട്രീമിങ് വിപണിയിലെ സമീപകാല ട്രെന്റുകള്‍ക്കിണങ്ങിയുള്ള മാറ്റങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് യൂട്യൂബ്. ടിക്ടോക്കുമായി മത്സരിക്കുന്നതിന് ചെറുവീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഷോര്‍ട്‌സ് എന്ന സേവനം ആരംഭിച്ചതിന് പിന്നാലെ ഇപ്പോഴിതാ ക്ലിപ്‌സ് എന്ന് പേരില്‍ പുതിയ സേവനം പരീക്ഷിക്കുകയാണ് യൂട്യൂബ്.
യൂട്യൂബ് വീഡിയോകളില്‍നിന്നും അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ് ഫോമുകളില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ലൈവ് വീഡിയോകളും ഈ രീതിയില്‍ പങ്കുവെക്കാനാവും.
വീഡിയോ പ്ലെയറിന് താഴെ ഇതിനായി പ്രത്യേകം ക്ലിപ്‌സ് ബട്ടന്‍ നല്‍കും. ഇതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് തെരഞ്ഞെടുക്കാം. അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ തെരഞ്ഞെടുക്കാം. ഈ ക്ലിപ്പിന് ഒരു പേര് കൂടി നല്‍കിയാല്‍. ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യാം. തുറന്നുവരുന്ന വിന്‍ഡോയില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഫോണിലെ ഫയല്‍ ഷെയറിങ് സംവിധാനങ്ങള്‍ കാണാനാവും. അതില്‍ വേണ്ടത് തെരഞ്ഞെടുത്ത് പങ്കുവെക്കാം.
ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു യൂട്യൂബ് ലിങ്കാണ് പങ്കുവെക്കപ്പെടുക. അത് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ക്രോപ്പ് ചെയ്ത ആ ഭാഗം മാത്രം പ്ലേ ആവും. വീഡിയോകളിലെ രസകരമായതും, പ്രസക്തമായതുമായ ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പങ്കുവെക്കാന്‍ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും