X

ആരോഗ്യ വകുപ്പില്‍ കൂട്ട പിന്‍വാതില്‍ നിയമനം : യൂത്ത് ലീഗ്

ദേശീയ ആയുര്‍മിഷന്റെ കീഴില്‍ സംസ്ഥാനത്ത് തൊള്ളായിരത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ ആണ് ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും മാനദണ്ഠങ്ങള്‍ കാറ്റില്‍ പറത്തിയാണ് ആരോഗ്യ വകുപ്പ് വഴി നിയമനം നടത്തിയിട്ടുള്ളത്. മതിയായ പരസ്യം നല്‍കാതെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേക്കന്‍സി സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കെതെയും മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലുമാണ് ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുന്നത്.

10,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്‍ ആണ് ഈ രീതിയില്‍ പാര്‍ട്ടി നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം താത്കാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയില്‍ ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നിയമനങ്ങള്‍ റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്‍ ഇന്റര്‍വ്യൂ നടത്തി നിയമനങ്ങള്‍ നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

മലപ്പുറം ജില്ലയിലെ എടക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ മാത്രം ആകെ 28 ജീവനക്കാരില്‍ 3 സ്ഥിരം ജീവനക്കാരും 12 താത്കാലിക ജീവനക്കാരും പാര്‍ട്ടി നിയമനങ്ങളാണ്. താത്കാലിക ജീവനക്കാര്‍ സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പി. ഇസ്മായില്‍ (സംസ്ഥാന ട്രഷറര്‍) ഫൈസല്‍ ബാഫഖി തങ്ങള്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്)
എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

webdesk15: