കോഴിക്കോട്: വീടിന്റെ പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടിയ പിണറായിയുടെ കാലം പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് നികുതി പിരിച്ചെടുത്തിരുന്ന ചൂഷകരായ പഴയ നാട്ടുരാജാക്കന്മാരുടെ കാലമാണ് ഓർമ്മിപ്പിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വർദ്ധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംസ്ഥാനത്താകെ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങൾ സംയുക്തമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് സർക്കാർ വിവിധ നികുതിയും കുത്തനെ കൂട്ടിയിരിക്കുകയാണ്. ഉപ്പിന് പോലും നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് രാജിനെ തോൽപ്പിക്കുന്ന രീതിയിലാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത്. 1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് പഞ്ചായത്തിൽ 8500 രൂപയും നഗരസഭയിൽ 11500 രൂപയും കോർപ്പറേഷനുകളിൽ 800 രൂപക്ക് പകരം 16000 രൂപയുമാണ്. 2500 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് 1780 രൂപ നൽകിയിടത്ത് പഞ്ചായത്തുകളിൽ 26000 രൂപയും നഗരസഭകളിൽ 31000 രൂപയും കോർപ്പറേഷനുകളിൽ 2550 രൂപ എന്നുള്ളത് 38500 രൂപയുമൊക്കെയായി പത്തും ഇരുപതും മുപ്പതുമൊക്കെ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഈ വർദ്ധനവ് പിടിച്ചുപറി അല്ലെന്നു സർക്കാർ വാദിച്ച് തെളിയിക്കുന്ന പക്ഷം ഇത്തരം പ്രതിഷേധ പരിപാടികളിൽ നിന്ന് നിരുപാധികം പിന്തിരിയാൻ യൂത്ത് ലീഗ് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എൻ.സി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എ വി അൻവർ, കെ മൊയ്തീൻ കോയ, സഫറി വെള്ളയിൽ, സക്കീർ കിണാശ്ശേരി, റംലത്ത്, ഷെഫീഖ് അരക്കിണർ, സിജിത്ത് ഖാൻ, എസ്. വി ഷൗലീക്ക്, ആഷിക് ചെലവൂർ, സ്വാഹിബ് മുഖദാർ റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി പ്രസംഗിച്ചു.
നവാസ് മൂഴിക്കൽ, പി വി അവറാൻ, കെ വി സലിം, എൻ പി റഫീഖ്, എ.ടി.മൊയ്തീൻ കോയ, കോയമോൻ പള്ളിക്കണ്ടി, എൻസി സെമീർ, നിസാർ പള്ളിത്താഴം, ഫസൽ കൊമേരി, ഇർഷാദ് മനു, സമീർ കല്ലായി, കോയമോൻ പുതിയപാലം, നസീർ കപ്പക്കൽ, നാസർ ചക്കും കടവ്, നിസാർ തോപ്പയിൽ, ഷൗക്കത്ത് വിരിപ്പിൽ, റഹീം പള്ളിത്താഴം, ലിബനൂഷ്, സൽമാൻ മായനാട്, മിഷാഹിർ, സാബിത് മായനാട് നേതൃത്വം നൽകി.