X
    Categories: CultureViews

കശ്മീരില്‍ സൈന്യം ജീപ്പില്‍ കെട്ടിയ യുവാവ് കല്ലേറുകാരനല്ല

ശ്രീനഗര്‍: കശ്മീരില്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവിനെ സൈന്യം പിടികൂടിയത് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ. സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ യുവാവിനെയാണ് മനുഷ്യകവചമായി ഉപയോഗിച്ചത് എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 26-കാരനായ യുവാവ് ഫാറൂഖ് അഹ്മദ് ദര്‍ തന്നെയാണ് രംഗത്തു വന്നിരിക്കുന്നത്. ജീപ്പിന്റെ മുന്നില്‍ തന്നെ കെട്ടിയിട്ട് 25 കിലോമീറ്ററോളം സൈനികര്‍ സഞ്ചരിച്ചെന്നും പ്രത്യാഘാതങ്ങള്‍ ഭയക്കുന്നതിനാല്‍ പരാതി നല്‍കാനില്ലെന്നും ഫാറൂഖ് അഹ്മദ് ‘ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.

‘ഞാന്‍ കല്ലേറുകാരനല്ല. ജീവിതത്തില്‍ ഇതുവരെ സൈന്യത്തിനു നേരെ കല്ലെറിഞ്ഞിട്ടില്ല. ഷാളുകളില്‍ എംബ്രോയ്ഡറി ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. ആശാരിപ്പണിയും അറിയാം. ഇതു രണ്ടുമാണ് ഞാന്‍ ചെയ്യുന്നത്.’ ഫാറൂഖ് അഹ്മദ് പറയുന്നു.

‘പാവങ്ങളാണ് ഞങ്ങള്‍. എന്ത് പരാതി നല്‍കാനാണ്? 75 വയസ്സുള്ള ആസ്ത്മ രോഗിയായ മാതാവിനൊപ്പമാണ് ജീവിക്കുന്നത്. എനിക്ക് ഭയമാണ്. എനിക്ക് എന്തും സംഭവിച്ചേക്കാം. ഞാന്‍ കല്ലെറിയുന്നയാളല്ല.’

അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മകനെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാറൂഖിന്റെ മാതാവ് ഫാസീ പറഞ്ഞു. ‘ഞങ്ങള്‍ പാവങ്ങളാണ്. ഒരു അന്വേഷണവും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അവനെ നഷ്ടപ്പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഈ വയസ്സുകാലത്ത് എന്നെ നോക്കാന്‍ അവന്‍ മാത്രമേ ഉള്ളൂ…’

ഫാറൂഖിനെ ജീപ്പില്‍ കെട്ടി മനുഷ്യകവചമായി ഉപയോഗിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഏപ്രില്‍ ഒമ്പതിന് ബദ്ഗാം ജില്ലയില്‍ വോട്ടിംഗ് യന്ത്രവുമായി പോയ സൈനിക ജീപ്പിലാണ് യുവാവിനെ കെട്ടിയിട്ടത്. കല്ലേറുകാരില്‍ നിന്ന് രക്ഷ നേടാനായിരുന്നു ഇതെന്നാണ് സൂചന. സംഭവത്തിന്റെ വീഡിയോ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: