കക്കോടി: കള്ളക്കേസില്‍ കുടുക്കി കുടുംബം നശിപ്പിച്ചെന്നാരോപിച്ച് യുവാവ് പൊലീസ് നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (32) ആണ് പ്ലാവില്‍ തൂങ്ങിമരിച്ചത്. മോഷ്ടാവെന്ന് മുദ്രകുത്തി മാനനഷ്ടമുണ്ടാക്കിയെന്നും ഭാര്യയടക്കം വിട്ടുപോയെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയാണ് ഇയാള്‍ തൂങ്ങി മരിച്ചത്.
ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ചേവായൂര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും പൊലീസുകാരും സംഭവസ്ഥലത്ത് എത്തുകയും കഴുത്തില്‍ കുരുക്കിട്ട യുവാവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പൊലീസ് അറിയിച്ചതുപ്രകാരം എത്തിയ അഗ്‌നിശമന രക്ഷ യൂനിറ്റിന്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.
മോഷണക്കേസില്‍ 20 മാസത്തോളമായി ജയിലില്‍ കഴിഞ്ഞ രാജേഷ് അടുത്താണ് മോചിതനായത്. ചില പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. മാതാവ്: വസന്ത. സഹോദരി: രമ്യ.