മുക്കം: യുവാവിനെ അര്‍ധരാത്രി ഫോണ്‍ ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചു വരുത്തി കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒരു മണിക്ക് ശേഷമാണ് സംഭവം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴു മണിയോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. ചുമക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ തെരഞ്ഞപ്പോഴാണ് തൊട്ടടുത്ത കിണറില്‍ അവശനിലയിലായ രമേശിനെ കണ്ടത്. ഉടന്‍ തന്നെ മുക്കം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കിണറില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വാഹന പണ ഇടപാടുകള്‍ നടത്താറുണ്ടായിരുന്ന രമേശനെ പണമിടപാടിനെന്ന പേരില്‍ ഫോണ്‍ ചെയ്താണ് അര്‍ധരാത്രി വിളിച്ചുവരുത്തിയത്.
അമ്മയോടും ഭാര്യയോടും ഉടനെ വരാമെന്ന് പറഞ്ഞാണ് പുറത്ത് പോയത്. വീടിന് 500 മീറ്റര്‍ അകലെ കാരാളിപറമ്പ് അങ്ങാടിയിലെ പീടികാക്കോലായില്‍ വെച്ചാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇവിടെ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ടായിരുന്നു. സ്ഥലത്ത് മുളക് പൊടി വിതറിയതായും കാണുന്നു. സംഭവസ്ഥലത്ത് നിന്ന് കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തി. താമരശ്ശേരി സി.ഐ അഗസ്റ്റിന്‍, മുക്കം എ.എസ്.ഐ അസയിന്‍ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.