ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കോടതി ഉത്തരവ്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.