X

എം.എല്‍.എമാര്‍ക്കെതിരെ പരസ്യ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

നാവായിക്കുളം ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒക്ടോബര്‍ 15 ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിര്‍ദ്ദേശത്തിനും പരിപാടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പദവികള്‍ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുകളില്‍ നിന്നല്ല, മറിച്ച് അടിത്തട്ടില്‍ നിന്നാണ് സംഘടനയെ പുനസംഘടിപ്പിക്കുയെന്നും നേതാക്കള്‍ ബുത്ത് തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കര്‍മ്മ പരിപാടിയാണ് ആവിഷ്‌കരിച്ചത്.

കോഴിക്കോട് ഡി സി സി പ്രസിഡന്റിനെ ഉള്‍പ്പെടെ രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ചാണ് പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് ആരായുന്നത്. ഏത് പരിപാടിക്ക് മുമ്പും രാഹുല്‍ സംസ്ഥാന നേതാക്കളെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കും. പല സംസ്ഥാനങ്ങളിലായി അദ്ദേഹം ദിനംപ്രതി ഇത്തരത്തില്‍ ബന്ധപ്പെടുമ്പോള്‍ മറ്റു നേതാക്കള്‍ക്ക് ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. എ ഐ സി സി അധ്യക്ഷന്‍ കാണിക്കുന്ന ശുഷ്‌കാന്തി താഴെത്തലത്തിലുള്ള നേതാക്കള്‍ക്ക് ഇല്ലാതെ പോകരുതെന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

chandrika: