കോഴിക്കോട്: കുടുംബശ്രീ നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ മുസ്്‌ലിം യൂത്ത്‌ലീഗ് പുറത്തുവിട്ടു. 30000 രൂപ മുതല്‍ 80000രൂപ വരെ മാസ ശമ്പളമുള്ള മുന്നൂറോളം തസ്തികകളിലേക്ക് നടന്ന പരീക്ഷയും ഇന്റര്‍വ്യൂവും പ്രഹസനമാക്കി നിയമനത്തില്‍ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നും ഈ അഴിമതി സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിവിധ തസ്തികകളിലേക്ക് മാര്‍ച്ച് 12ന് നടത്തിയ പരീക്ഷ തന്നെ ക്രമക്കേടിന് ഏറ്റവും വലിയ തെളിവാണ്. ശമ്പളവും യോഗ്യതയും പദവിയും വ്യത്യസ്തമായിട്ടും ഒരേ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് എല്ലാ തസ്തികകളിലേയും പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞ ഉടനെ ഹാള്‍ടിക്കറ്റും ചോദ്യപേപ്പറും തിരിച്ച് വാങ്ങിയത് പരീക്ഷയിലെ കള്ളക്കളികള്‍ പുറത്ത് വരാതിരിക്കാനാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആളെയും റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെയുള്ള ആളെയും റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്തിയിട്ടുണ്ട്.
80000രൂപ മാസ ശമ്പളമുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയ പ്രവീണ്‍ സി.എസ്സിനെയും 60000 രൂപ മാസ ശമ്പളമുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ തസ്തികയില്‍ എന്‍.കെ റിയാസ് അബ്ദുള്ളയെയും നിയമിച്ചത് റാങ്ക് ലിസ്റ്റ് മറികടന്നാണ്. മുഴുവന്‍ തസ്തികയിലും നിയമിച്ചവരുടെ പേര് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതും അഴിമതിക്ക് മറപിടിക്കാനാണ്. കുടുംബശ്രീ ഡയറക്ടര്‍ പദവിയിലിരുന്ന എന്‍.കെ ജയ നടത്തിയിട്ടുള്ള സംഭാഷണങ്ങള്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, മുന്‍ എം.പി ടി.എന്‍ സീമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ്, മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ്, പ്രോഗ്രാം ഓഫീസറും സി.പി.എം പ്രവര്‍ത്തകനുമായ പ്രമോദ് എന്നിവര്‍ നടത്തിയ അഴിമതി വ്യക്തമാക്കുന്നതാണ്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഴിമതിയില്‍ മന്ത്രിക്ക് പങ്കില്ലെങ്കില്‍ സി.പി.എമ്മിന്റെ ആജ്ഞക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് തുറന്ന് പറയാനും, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ്, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് എന്നിവരെ പുറത്താക്കാനും മന്ത്രി തയ്യാറാകണം. ഇനി വ്യക്തിപരമായി ഇവര്‍ നടത്തിയ അഴിമതിയാണെങ്കില്‍ സി.പി.എം ഇവര്‍ക്കെതിരെ നടപടിയെടുക്കുമോയെന്ന് വ്യക്തമാക്കണം.
കുടുംബശ്രീയുടെ വിശ്വാസ്യത തകര്‍ക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി.കെ ഫിറോസ് മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും സംബന്ധിച്ചു.