കോഴിക്കോട്: ബി.ജെ.പി-എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പിഴ സംഖ്യ ഏറ്റെടുത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി.
സി.എ.എ-എന്‍.ആര്‍.സി കേസുകള്‍ ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് മെഗാ അദാലത്തിലേക്ക് പോസ്റ്റു ചെയ്ത ജനകീയ സമരങ്ങളുടെ പിഴ സംഖ്യയും സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.
പാര്‍ട്ടിക്കു വേണ്ടി വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകൡ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്നതിനാണ് നടപടി. ഈ മാസം 13ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും സംസ്ഥാന കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്നും യൂത്ത് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
കേസിന്റെ വിവരങ്ങളും പൊലീസ് സ്റ്റേഷന്‍ പരിധിയും പ്രതി ചേര്‍ക്കപ്പെട്ടവരുടെ പേരുകളും സഹിതം അതാത് യൂത്ത്‌ലീഗ് കമ്മിറ്റികളുടെ കത്തോട് കൂടി ഈ മാസം എട്ടിനകം സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെ അറിയിക്കണമെന്നാണ് നിര്‍ദേശം.