പി. ഇസ്മായില്‍
അവശ്യ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും കുത്തനെ നികുതി കൂട്ടും വിധം ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് നാടാകെ ഉയര്‍ന്നിട്ടുള്ളത്. വിഷത്തിനും ശ്വസിക്കുന്ന വായുവിനും മാത്രമേ ഇനി വിലകൂട്ടാന്‍ ബാക്കിയുള്ളൂവെന്ന നെറ്റിസണ്മാരുടെ ട്രോളുകളില്‍ ഇടതു പക്ഷത്തിന്റെ ന്യായീകരണ തൊഴിലാളികള്‍ക്ക് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിനു പണം തരാത്തത് കൊണ്ടാണ് നികുതി വര്‍ധിപ്പിക്കേണ്ടിവന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയോട് വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പു എന്ന ചോദ്യമാണ് ജനം തിരിച്ചു ചോദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു സംസ്ഥാനത്തിന്റെ വായ്പ തോത് ഉയര്‍ത്തണമെന്നു ബജറ്റ് അവതരണത്തിന് മാസങ്ങള്‍ക്കു മുമ്പേ ധനകാര്യ മന്ത്രി ബാലഗോപാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. -മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3ശതമാനവും ഊര്‍ജ്ജ മേഖലയിലെ പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ 0.5ശതമാനം വരെ മാത്രമാണ് കേന്ദ്രം വായ്പയായി അനുവദിക്കാറുള്ളത്. അത്പ്രകാരം കേരളത്തിനു പരമാവധി കിട്ടാന്‍ സാധ്യതയുള്ള തുകയാവട്ടെ 35000കോടി രൂപയാണ്. എന്നാല്‍ നികുതി ഇനത്തില്‍ കുടിശികയായ40000 കോടി പിരിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ ഇത്രത്തോളം നികുതി ഭാരം ജനങ്ങളുടെ തലയില്‍ വന്നു വീഴുന്നത് ഒഴിവാക്കാമായിരുന്നു.
പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്നതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ടവരായി മലയാളികള്‍ മാറുകയാണ്. ഇന്ധന വില വര്‍ധന ചരക്കു നീക്കത്തിന്റെ ചിലവ് കൂട്ടുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ബസ്. ഓട്ടോ. ടാക്‌സി മേഖലകളിലും ഇത് കടുത്ത ആഘാതമേല്പിക്കും. തമിഴ്‌നാട്, ഡല്‍ഹി. മഹാരാഷ്ട്ര, കര്‍ണാടക. രാജസ്ഥാന്‍ തുടങ്ങിയ പല സംസ്ഥാനങ്ങളും നികുതി കുറക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ വില കുറക്കുന്ന കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.
ബജറ്റില്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിചിട്ടില്ല. ക്ഷേമ പെന്‍ഷന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണു രണ്ടു രൂപയുടെ സെസ് എന്ന ന്യായം പറയുന്ന ബാലഗോപാല്‍ ഇന്ധനത്തിനു വില കൂട്ടിയത് കൊണ്ട് എത്രയോ പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മാണം നടത്താന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ ബിജെപിക്കാരുടെ അവകാശ വാദത്തെയാണ് തോല്‍പ്പിച്ചു കളഞ്ഞത്.മൈനിങ്ങ് ആന്‍ഡ് ജിയോളജി മേഖലയിലെ റോയല്‍റ്റി പരിഷ് ക്കാരങ്ങള്‍ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം ക്ഷണിച്ചു വരുത്തുന്നതാണ് .
കല്ല്. സിമന്റ്. പാറപ്പൊടി. കമ്പി തുടങ്ങിയ വസ്തുക്കളുടെ വില വര്‍ധന മൂലം ലൈഫ് ഭവന പദ്ധതിയിലോ പി എം ഐ വൈ സ്‌കീമിലോ അനുവദിച്ച തുകക്ക് വീട് നിര്‍മ്മാണംപാവങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും ബജറ്റ് പാടെ തഴഞ്ഞു. നിത്യ ദാന ചിലവുകള്‍ക്ക് പണമില്ലാതെ സര്‍ക്കാര്‍ വലയുമെന്നും ശമ്പളം, പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവ പോലും മുടങ്ങുമെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തു മുന്നില്‍ കണ്ട് അഞ്ചാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷ നായിരുന്നഡോക്ടര്‍ ബി. എ പ്രകാശ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം കൂടിയാണ് ബജറ്റില്‍ പ്രതിഫലിച്ച കനത്ത നികുതിഭാരം.
ജനത്തെ എല്ലാ വഴിക്കും ഊറ്റുമ്പോഴും കെ. വിതോമസിനെ പോലുള്ള അധികാരകൊതിയന്‍മാര്‍ക്ക് ലാവണമൊരുക്കി ധൂര്‍ത്തടിക്കുന്നതി ലാണ് സര്‍ക്കാര്‍ ഇപ്പോഴും ഊറ്റം കൊള്ളുന്നത്.വിഭവസമാഹരണത്തിന് നികുതിയിതര വരുമാന മാര്‍ഗം കണ്ടെത്താതെ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന സര്‍ക്കാരിന്റെ നികുതി കൊള്ളയെയും ധൂര്‍ത്തിനെയും വിചാരണ ചെയ്തു കൊണ്ട് യൂത്ത് ലീഗ് ഇന്ന് നിയോജക മണ്ഡലം തലങ്ങളില്‍ നികുതി വിചാരണ നടത്തുകയാണ്.ബജറ്റില്‍ അടിച്ചേല്പിച്ച അന്യായമായ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലങ്കില്‍ തെരുവില്‍ വിചാരണ ചെയ്യുന്ന തരത്തിലുള്ള തുടര്‍ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും.
ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഈ ദിവസവും ജാമ്യം കിട്ടാതെ പൂജപ്പുര ജയിലില്‍ കഴിയുകയാണ് . കള്ളക്കേസുകള്‍ ചുമത്തിയും പോലീസിനെ ഉപയോഗിച്ചും യൂത്ത് ലീഗിന്റെ സമരത്തെ തളര്‍ത്താമെന്നുള്ള സര്‍ക്കാരിന്റെ വ്യാമോഹത്തിന് നേരെയുള്ള പ്രതിഷേധം കൂടിയാണ് വിചാര സദസുകള്‍.