കോഴിക്കോട്: ഫാദര്‍ സ്റ്റാന്‍ സ്വാമി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹത്തിന്റെ മരണം യഥാര്‍ത്ഥത്തില്‍ കൊലപാതകമായി തന്നെ പൊതുസമൂഹം പരിഗണിക്കുമെന്നും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്ഥാവിച്ചു. ഒരായുസു മുഴുവന്‍ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ലോകമറിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായിരുന്ന അദ്ദേഹം ഇന്ത്യയിലെ സംഘ് പരിവാര്‍ ഭരണകൂടത്തിന് മാവോയിസ്റ്റ് ഭീകരനായിരുന്നു. ഭീമ കൊറേ ഗാവ് അനുസ്മരണത്തോടനുബന്ധിച്ചുണ്ടായ കേസില്‍പെടുത്തി യു എ പി എ ചുമത്തി തലോജ ജയിലിലടച്ചതു മുതല്‍ അദ്ദേഹം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായിരുന്നു.
മലമൂത്ര വിസര്‍ജനം പോലും സ്വന്തം നിലക്ക് ചെയ്യാനാകാത്ത ഒരു മനുഷ്യന് ഒരിക്കലും ജാമ്യം ലഭിക്കരുത് എന്ന പകയോടെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പെരുമാറിയത്. യു എന്‍ മനുഷ്യാവകാശ ഏജന്‍സികള്‍ പോലും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു.ആശുപത്രി കിടക്കയില്‍ അദ്ദേഹത്തിന്റെ ജീവിതമവസാനിക്കുമ്പോള്‍ ലോകത്തിനു മുന്‍പില്‍ ഇന്ത്യയാണ് നാണം കെടുന്നത്. യു എ പി എ എന്ന കരിനിയമം ചുമത്തപ്പെട്ട് തടവറകളില്‍ കിടക്കുന്നവര്‍ക്കിടയില്‍ നിന്ന് ഇനിയും സ്റ്റാന്‍ സ്വാമിമാര്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പൊതു സമൂഹം കാണിക്കണം. കള്ളക്കേസുകളില്‍ കുടുക്കി വിചാരണ തടവുകാരായി ജയിലില്‍ കിടക്കുന്നവരുടെ കാര്യത്തില്‍ ഒരു വീണ്ടുവിചാരത്തിന് കോടതികള്‍ക്കും ഇതൊരവസരമാണ്. എതിര്‍ശബ്ദങ്ങളെ ഭീകരവാദ മുദ്ര ചുമത്തി ജയിലിലടക്കുന്ന ബി ജെ പി സര്‍ക്കാര്‍ നയത്തിന്റെ രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമിയെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു.