ന്യൂ ഡല്‍ഹി: രാജ്യത്ത് യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധി സമ്മേളനങ്ങള്‍ക്ക് ഗുജറാത്തില്‍ തുടക്കമായി. അഹമ്മദാബാദ് ഹജ്ജ് ഹൗസില്‍ നടന്ന ഗുജറാത്ത് സംസ്ഥാന യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ജുനൈദ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷകീല്‍ ശിന്ദി, സയ്യിദ് റഊഫ്, കെ. ഫൈസല്‍ പ്രസംഗിച്ചു.
പുതിയ സംസ്ഥാന ഘടകങ്ങള്‍ രൂപീകരിക്കലും നിലവിലുള്ളവ പുന:സംഘടിപ്പിക്കലുമാണ് സംസ്ഥാന സമ്മേളനങ്ങളുടെ ലക്ഷ്യം. 2023 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ നടക്കുന്ന യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കും.ഉത്തര്‍പ്രദേശ് സംസ്ഥാന യൂത്ത് ലീഗ് സമ്മേളനം നാളെയും മറ്റന്നാളും മീററ്റില്‍ നടക്കും.
ദ്വിദിന യു.പി സമ്മേളനം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി പ്രതിനിധികളായി ടി.പി അഷ്‌റഫലി, ഷിബു മീരാന്‍, സി.കെ ശാക്കിര്‍ പങ്കെടുക്കും. 16 സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് പ്രതിനിധി സമ്മേളനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വികെ ഫൈസല്‍ ബാബു അറിയിച്ചു.