X
    Categories: CultureMoreNewsViews

യൂത്ത് ലീഗിന് ആസ്ഥാനമൊരുങ്ങുന്നു; ശിലാസ്ഥാപനം ജനുവരി 19ന് ഹൈദരലി തങ്ങള്‍ നിര്‍വഹിക്കും

കോഴിക്കോട്: മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. കോഴിക്കോട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഓഫിസ് സമുച്ചയത്തിന് ജനുവരി 19ന് വൈകുന്നേരം നാലു മണിക്ക് മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലയിടും. മുസ് ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.

കോഴിക്കോട് ടാഗോര്‍ ഹാളിന് സമീപം സംസ്ഥാന കമ്മറ്റി വിലക്കെടുത്ത പത്തര സെന്റ് ഭൂമിയില്‍ 8000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓഫിസ് ഉയരുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യത്തോടെ നിര്‍മിക്കുന്ന മൂന്ന്‌നില കെട്ടിടത്തില്‍ ഓഫിസ്, റഫറന്‍സ് ലൈബ്രറി, ട്രെയ്‌നിങ് ആന്റ് റിസര്‍ച്ച് സെന്റര്‍, മീഡിയ കോര്‍ണര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, ഡോര്‍മെട്രി സംവിധാനം എന്നിവ ഒരുക്കും. പ്രശസ്ത ആര്‍കിടെക്റ്റ് ടോണി ജോസഫിന്റെ നേതൃത്വത്തില്‍ സ്തപതി ആര്‍കിടെക്റ്റ്‌സാണ് രൂപകല്‍പന.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ബഹുജനങ്ങളില്‍ നിന്നുമാണ് ഓഫിസ് നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. ശേഖരിക്കുന്ന തുക പഞ്ചായത്ത് കമ്മറ്റികള്‍ യുവജന യാത്രാ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ ഏല്‍പ്പിക്കും. ഓഫിസ് നിര്‍മാണ ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കീഴ്ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: