X

ലോക്സഭ തെരഞ്ഞെടുപ്പ് യൂത്ത് ലീഗ് സ്പീക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ചു

മലപ്പുറം : ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന കുടുംബ യോഗങ്ങളിലും പ്രചരണ പരിപാടികളിലും സംബന്ധിക്കുന്ന പ്രഭാഷകര്‍ക്കായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്പീക്കേഴ്‌സ് ക്ലബ് എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു.

മലപ്പുറം ഭാഷാ സ്മാരക ഹാളില്‍ നടന്ന സ്പീക്കേഴ്‌സ് ക്ലബ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന ഭരണകൂടങ്ങളുടെ കൊളളരുതായ്മ ജനങ്ങളിലെത്തിക്കണമെന്നും പ്രബുദ്ധരായ വോട്ടര്‍മാരോട് നല്ല രാഷ്ട്രീയ സംവാദം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിക്കാരെ ബഹുമാനിച്ചും ആദരിച്ചും സംസാരിക്കണം.

ഭരണ കൂട ഭീകരതയും ഫാസിസവും ഞങ്ങളെ ഒന്നും ബാധിക്കില്ലെന്ന തരത്തിലാണ് പലരും ജീവിക്കുന്നതെന്നും ഓരോരുത്തരെയും ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നതായിരിക്കണം പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വൈകല്യങ്ങളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ അഷ്റഫ് വാളൂര്‍, ലോക്കല്‍ ഗവണ്മെന്റ് മെംബേര്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ശറഫുദ്ധീന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ദേശീയ സെക്രട്ടറി സി. കെ ഷാക്കിര്‍, ദേശീയ കമ്മിറ്റി അംഗം ആഷിഖ് ചെലവൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്‌മാന്‍, കെ.എം ഖലീല്‍, കെ.എം.എ റഷീദ്, റഫീഖ് കൂടത്തായി, ജില്ല ഭാരവാഹികളായ സലാം ആതവനാട്, നിസാജ് എടപ്പറ്റ സംസാരിച്ചു.

webdesk13: