X
    Categories: CultureMoreViews

ആസിഫക്കൊപ്പം: പ്രതിഷേധ പ്രകമ്പനമായി യൂത്ത്‌ലീഗ് റാലി

കോഴിക്കോട്: ജമ്മുവിലെ കത്‌വാ ഗ്രാമത്തിലെ എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ റാലി മതേതര ഇന്ത്യയെ സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിന്റെ കാഹളമായി. പാര്‍ട്ടി പതാകക്ക് പകരം ദേശീയപതാകയേന്തി അടിവെച്ചു നീങ്ങിയ യൂത്ത്‌ലീഗിന്റെ കര്‍മഭടന്മാര്‍ ഇന്ത്യ എന്ന വികാരത്തെയാണ് ഉയര്‍ത്തിപിടിച്ചത്. ജമ്മുവിലെ നാടോടിസംഘത്തില്‍പെട്ട പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന നരാധമന്മാര്‍ക്കുവേണ്ടി പരസ്യമായി രംഗത്ത് വന്ന ബി.ജെ.പി മന്ത്രിമാരെയും ജനപ്രതിനിധികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്ന് യൂത്ത്‌ലീഗ് റാലി പ്രഖ്യാപിച്ചു. സംഘപരിവാര്‍ ഭീകരതക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നു കേട്ടത്. ആസിഫ എന്ന കൊച്ചുപെണ്‍കുട്ടിയെ പിച്ചിചീന്തിയ കഴുകന്മാര്‍ക്ക് കാവലിരിക്കുന്ന പ്രധാനമന്ത്രി ഏറ്റവും വലിയ അധമനാണെന്ന് മുദ്രാവാക്യത്തില്‍ ഉയര്‍ന്നുകേട്ടു.

അരയിടത്ത്പാലത്ത് നിന്ന ആരംഭിച്ച റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. സമാപനറാലി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. യൂത്ത്‌ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു.

യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക് ചെലവൂര്‍, പി.പി അന്‍വര്‍ സാദത്ത്, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. വി.കെ ഫൈസല്‍ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: