X

രണ്ടായിരത്തോളം യൂണിറ്റ് സമ്മേളനങ്ങളുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി; പുതു ചരിത്രമെഴുതി ചിറക് കാമ്പയിന്‍

പുതു ചരിത്രമെഴുതി മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ചിറക് കാമ്പയിന്‍. രണ്ടായിരത്തോളം യൂണിറ്റുകളിലായി 10 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ചിറക് ചരിത്രമെഴുതുന്നത്. ‘പുതിയ കാലം: പുതിയ വിചാരം’ എന്ന പ്രമേയവുമായി നടന്നു വരുന്ന സംഘടനാ ശാക്തീകരണ കാമ്പയിന്‍ ജില്ലയിലാകെ നവോന്മേഷം പകരുകയാണ്. പോയ കാലത്തിന്റെ ഓര്‍മകള്‍ വിളിച്ചോതി സംഗമ നഗരികളില്‍ ഒരുക്കുന്ന ചായ മക്കാനികള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. വേദിയില്‍ നിന്നും ഇരുന്നൂറ് മീറ്റര്‍ അകലെ പതാക ഉയര്‍ത്തിയതിന് ശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി നഗരിയിലെത്തിയതിന് ശേഷമാണ് സംഗമങ്ങള്‍ ആരംഭിക്കുന്നത്. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പുറമെ നാട്ടിലെ കാരണവന്‍മാരും സഹോദരിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളില്‍ പ്രതിഭകളായവരെ ഓരോ ചടങ്ങിലും ആദരിക്കും.

2022 ജനവരി ഒന്ന് മുതല്‍ ആരംഭിച്ച യൂണിറ്റ് സംഗമങ്ങള്‍ 25നകം രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ പൂര്‍ത്തികരിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. മുന്നൂറില്‍ കുറയാത്ത പ്രവര്‍ത്തകര്‍ ഓരോ സംഗമങ്ങളിലും സംബന്ധിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നാടിന്റെ ഉത്സവമാക്കി പല യൂണിറ്റുകളും ചിറക് സംഗമങ്ങളെ മാറ്റിയെടുത്തു. കാമ്പയിന്‍ നാലു ഘട്ടങ്ങളിലായിട്ടാണ് സംഘടിപ്പിച്ചത്. 2021 ജൂലൈ 25,26 തിയ്യതികളിലായി മലപ്പുറത്ത് സംഘടപ്പിച്ച നേതൃ സംഗമമായിരുന്നു ഒന്നാം ഘട്ടം. ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലയില്‍ നിന്നുള്ള ദേശീയ, സംസ്ഥാന ഭാരവാഹികളുമാണ് ഈ പരിപാടിയില്‍ സംബന്ധിച്ചത്. ജില്ലയെ എട്ട് മേഖലകളാക്കി തിരിച്ച് സംഘടിപ്പിച്ച മേഖല സംഗമമായിരുന്നു രണ്ടാം ഘട്ടം. മണ്ഡലം ഭാവാഹികള്‍, പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ പങ്കാളികളായത്. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംവേദന യാത്രയാണ് മൂന്നാം ഘട്ടം. യൂണിറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരാണ് ഇതില്‍ സംബന്ധിച്ചത്. ഇരുപത് ദിവസം സമയമെടുത്ത് 56 വേദികളിലായിട്ടാണ് ചടങ്ങ് നടന്നത്.

കാമ്പയിനിന്റെ നാലാം ഘട്ടമാണ് യൂണിറ്റ് തല സംഗമങ്ങള്‍. ജനകീയമായിട്ടാണ് യൂണിറ്റ് സംഗമങ്ങള്‍ നടന്നു വരുന്നത്. ജില്ലാ തലം മുതല്‍ യൂണിറ്റ് തലം വരെ സജീവമായ കാമ്പയിനു ശേഷം ജില്ലാ കമ്മിറ്റിയുടെ പുതിയ കര്‍മ്മ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. പുതിയ ശൈലിയോടെ കര്‍മ്മരംഗം വിപുലപ്പെടുത്തുവാനാണ് ജില്ലാ കമ്മിറ്റി ലക്ഷ്യമിടുന്നത്. 25ന് വെള്ളിയാഴ്ച വൈകുന്നേരം 7.25ന് മലപ്പുറം ഹനീഫ് സ്‌ക്വയറില്‍ നടക്കുന്ന ചിറക് സമാപന സംഗമത്തില്‍ മുസ്ലിം ലീഗിന്റെയും യൂത്ത്‌ലീഗിന്റെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

Test User: