X

യൂത്ത്‌ലീഗ് നേതാക്കള്‍ സാജന്റെ വീട് സന്ദര്‍ശിച്ചു

കണ്ണൂര്‍: കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ വീട്ടില്‍ യൂത്ത്‌ലീഗ് നേതാക്കളെത്തി. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ ക്രൂരത മൂലം ജീവനൊടുക്കേണ്ടി വന്ന സാജന്റെ കുടുംബത്തിന് ആശ്വാസവുമായാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കളെത്തിയത്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡണ്ട് പി.കെ.സുബൈര്‍, സെക്രട്ടറി വി.വി മുഹമ്മദലി, ജില്ലാ ഭാരവാഹികളായ പി.വി ഇബ്രാഹിം, സമീര്‍ പറമ്പത്ത്, മുസ്‌ലിഹ് മഠത്തില്‍, കെ.കെ.എം ബഷീര്‍, ഷക്കീര്‍ മൗവ്വഞ്ചേരി എന്നിവരും കൂടെയുണ്ടായിരുന്നു.

സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതാക്കളെ രക്ഷപ്പെടുത്താനുള്ള സി.പി.എം ശ്രമം അനുവദിക്കില്ലെന്ന് പി.കെ ഫിറോസ് വ്യക്തമാക്കി. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയാണ് ഇതില്‍ ഒന്നാം പ്രതി. അവരെ രക്ഷപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. സാജന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാധ്യക്ഷയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണം. അവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് ഫിറോസ് ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ അവരോടൊപ്പമുണ്ടാകുമെന്നും ഫിറോസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: