X

യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അരക്ഷിത ബോധവും മുസ്്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി പങ്കുവെച്ചു. രാജ്യത്ത് മതേതരചേരി ശക്തിപ്പെടേണ്ടതിനെ കുറിച്ചും കോണ്‍ഗ്രസ് നേതൃപരമായ പങ്ക് വഹിക്കേണ്ടതിനെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ അദ്ദേഹതെ അറിയിച്ചു.

മതേതരചേരിയില്‍ അണിനിരക്കേണ്ട പല പാര്‍ട്ടികള്‍ക്കും അധികാരം മാത്രമാണ് ലക്ഷ്യമെന്നും ആദര്‍ശപരമായി ബി.ജെ.പി യുമായി ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് മാത്രമേ തയ്യാറുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ഉപതെരഞ്ഞെടുപ്പു സംബന്ധമായ വിവരങ്ങളും രാഹുല്‍ ഗാന്ധി ആരാഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണതിനായി ഒരു ദിവസം വരാന്‍ ശ്രമിക്കാമെന്നും അദ്ദേഹം അറിയിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന യൂത്ത് ലീഗ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തി. ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെയും ഇ.അഹമ്മദിന്റെ കുടുംബത്തിന്റെയും കൂടെ നിന്ന ഗാന്ധി കുടുംബത്തിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ചാണ് മുസ്്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ മടങ്ങിയത്.
മുസ്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ക്കൊപ്പമാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത്. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

chandrika: