സംഘർഷാവസ്ഥ വിട്ടുമാറാതെ കനത്ത പോലീസ് ബന്തവസിൽ തുടരുന്ന ഉത്തർപ്രദേശിലെ സംഭലിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സികെ ശാക്കിർ എന്നിവരാണ് യൂത്ത് ലീഗ് സംഘതിലുണ്ടായിരുന്നത്.
ഭരണകൂട ഒത്താശയോടെ മസ്ജിദുകൾ കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന ജനാധിപത്യ – നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതാക്കൾ സംഭലിലെത്തിയത്.
മുസ്ലിംലീഗ് യു.പി സംസ്ഥാന സെക്രട്ടറി ഡോ.കലിം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മുഹമ്മദ് കാസിം തുർക്കി, സംഭൽ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സുൽഫിക്കർ മുന്ന, അൻസരി ഖൈർ, മുഹമ്മദ് സലിം എന്നിവർ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ഷാഹി മസ്ജിദിൽ ഇശാ നിസ്‌കാരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കൾ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു. സർവേക്ക് എത്തിയ പോലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഫഹിം പറഞ്ഞു. സർവ്വേക്കിടെ ഒരുകൂട്ടം ആളുകൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീരാം വിളിച്ച് വന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പോലീസ് ഇതിനായി കാത്ത് നിന്നതു പോലെ പൊടുന്നനെ ലാത്തിവീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. റബ്ബർ ബുള്ളറ്റുകൾ മാത്രമാണ് ഉപയോഗിച്ചത് എന്ന യു.പി പോലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇമാമും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഒരേ സ്വരത്തിൽ പറഞ്ഞു. സംഘർഷം സൃഷ്ടിച്ച് മസ്ജിദ് അടച്ചു പൂട്ടുക എന്നതായിരുന്നു പോലീസ് അജണ്ടയെന്ന് ന്യായമായ സംശയമുണ്ട്.
പുരാതന സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പള്ളിയും പരിസരവും യൂത്ത് ലീഗ് നേതാക്കൾ മസ്ജിദ് ഭാരവാഹികളോടൊപ്പം നടന്ന് കണ്ടു. മസ്ജിദിന്റെ അധികം അകലെയല്ലാതെ ധാരാളം ഹിന്ദു കുടുംബങ്ങൾ വർഷങ്ങളായി കഴിയുന്നുണ്ട്. നൂറ്റാണ്ടുകളായി മുടങ്ങാതെ നമസ്‌കാരം നടക്കുന്ന ഷാഹി മസ്ജിദിനെ ചൊല്ലി ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല സംഘർഷങ്ങളും ഉണ്ടായിട്ടില്ല. സൗഹൃദാന്തരീക്ഷം നിലനിന്നിരുന്ന സംഭൽ നഗരം ഇപ്പോൾ വിജനമാണ്. ജനജീവിതം നിശ്ചലമാണ്. പാർലിമെന്റിലും സുപ്രീം കോടതിയിലും മുസ്ലിം ലീഗ് നേതാക്കളും എംപിമാരും നടത്തിയ ഇടപെടലിൽ അവർ സന്തോഷവും നന്ദിയും അറിയിച്ചു. യൂത്ത് ലീഗ് രാജ്യത്താകമാനം നടത്തിയ പ്രതിഷേധ പരിപാടികളും ഷാഹി മസ്ജിദ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.