കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ജനസഹായി കേന്ദ്രങ്ങളായി പാര്‍ട്ടി ഓഫീസുകളെ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. കോഴിക്കോട്ടുള്ള യൂത്ത് ലീഗ് ആസ്ഥാന മന്ദിരം കേന്ദ്രീകരിച്ചാണ് ജനസഹായി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ലേബര്‍ ബാങ്ക്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകള്‍, വില്ലേജ് ഓഫീസ് സംബന്ധമായ അപേക്ഷകള്‍, ഓണ്‍ലൈന്‍ സര്‍വീസുകള്‍, സാമൂഹ്യ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷ, പി.എസ്.സി അപേക്ഷ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍, എന്‍ട്രന്‍സ് എക്‌സാം അപേക്ഷ, ഹജ്ജ് അപേക്ഷ തുടങ്ങിയവ സേവനങ്ങളും, വിദ്യാഭ്യാസം, സംരംഭകത്വം, വിവിധ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓറിയന്റേഷന്‍ കഌസുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ജനസഹായി സെന്ററുകളില്‍ ലഭ്യമാവും. തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുടേയോ പോഷക ഘടകങ്ങളുടെയോ പേരിലുള്ളതും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായവയാണ് ഇതിനായി പരിഗണിക്കുക. ചുരുങ്ങിയത് 100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വേണം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ നിര്‍ദിഷ്ട ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചു സംസ്ഥാനതല സമിതി അന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനസഹായി സെന്ററുകള്‍ക്ക് അംഗീകാരവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റി നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുമായി ധാരണാപത്രം ഒപ്പു വെക്കേണ്ടതാണ്.
സംസ്ഥന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തിലാണ് ജന സഹായി പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍. അപേക്ഷ മാര്‍ച്ച് 1 മുതല്‍ 10 വരെ സ്വീകരിക്കും. 20നുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കി മെയ് 11ന് പൊതുജങ്ങള്‍ക്കായി സമര്‍പ്പിക്കും. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും 9746074332 (കോര്‍ഡിനേറ്റര്‍) നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.