X

മസ്ജിദ് കയ്യേറ്റങ്ങള്‍ക്കും മുസ്‌ലിം വംശഹത്യക്കുമെതിരെ യൂത്ത് ലീഗ് രാജ്യവ്യാപക പ്രതിഷേധത്തിന്‌

നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾ കയ്യേറി സംഘർഷമുണ്ടാക്കുകയും മുസ്ലിം വംശഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. യു പി സംഭലിൽ ഷാഹി മസ്ജിദ് സർവ്വേയുടെ പേരിൽ 5 പേരെ യു പി പോലീസ് വെടി വച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ യൂത്ത് ലീഗ് കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക. കേരളത്തിൽ നിയോജക മണ്ഡലം തലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു. മസ്ജിദുകൾ അടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വക്കുന്നത് രാജ്യത്ത് നിത്യസംഭവമാവുകയാണ്. യാതൊരു തർക്കവും ഉണ്ടായിട്ടില്ലാത്ത ഡൽഹി അഖുഞ്ചി മസ്ജിദ് തകർത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. നിയമ ലംഘനങ്ങൾക്കും നീതി നിഷേധത്തിനും ബിജെപി സർക്കാരുകൾ തന്നെയാണ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ ഷാഹി മസ്ജിദ്. നേരത്തെ ഗുജറാത്തിലും മുസ്ലിം ആരാധനാലയങ്ങൾ തകർക്കപ്പെട്ടിരുന്നു.

വിശുദ്ധമായി കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയങ്ങളെ മുൻനിറുത്തി രാജ്യത്തിന്റെ സമാധാനം തകർക്കുന്ന ഭരണകൂട ഭീകരതയെ രാജ്യത്തെ മതേതര വിശ്വാസികൾ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണമെന്നും നിരപരാധികളായ അഞ്ചു ചെറുപ്പക്കാരെ വെടി വെച്ച് കൊന്ന യുപി പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ രാജ്യത്തെങ്ങുമുള്ള യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ.വികെ ഫൈസൽ ബാബുവും അഭ്യർത്ഥിച്ചു.

webdesk17: