X

അഭിമന്യു ഫണ്ടില്‍ ക്രമക്കേട്: പിണറായിക്കും കോടിയേരിക്കും എതിരേ യൂത്ത് ലീഗിന്റെ പരാതി

കുന്ദമംഗലം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി. മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം നൗഷാദാണ് പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അഭിമന്യു കുടുംബ സഹായ ഫണ്ടിലും, ദില്ലി കലാപ ബാധിതര്‍ക്ക് വേണ്ടി നടത്തിയ പണപിരിവിലും സുതാര്യമായ രീതിയില്‍ അല്ല പണ വിനിയോഗം നടത്തിയതെന്നും ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ അഴിമതി നടത്തിയെന്നും ആരോപിച്ചാണ് പരാതി. ഐ.പി.സി 420 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ലാ കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാംകുളം ജില്ലാ കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2,39,74,881 രൂപയും എസ്.എഫ്.ഐ 33 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നായിരുന്നു സി പി ഐ എം പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വയ്ക്കാനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി ചെലവാക്കിയിട്ടുള്ളത്. ഇതില്‍ രണ്ട് കോടി എഴുപത് ലക്ഷത്തോളം രൂപ വക മാറ്റി ചിലവഴിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇരകളെ സഹായിക്കാനെന്ന പേരില്‍നടത്തിയ പണപിരിവിലൂടെ 5,30,74,779 രൂപ സി.പി.എം സമാഹരിച്ചിട്ടുണ്ടെന്നും ഈഫണ്ടും സുതാര്യമായല്ല വിനിയോഗിക്കപ്പെട്ടതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

Test User: