X

‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ യൂത്ത് ലീഗ് സി.എച്ച് അനുസ്മരണസെമിനാർ 28 ന്

ഇന്ത്യൻ ജനാധിപത്യ മതേതര ആശയങ്ങളെ ജനകീയമാക്കുന്നതിൽ തുല്യതയില്ലാത്ത പങ്ക് വഹിച്ച മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓർമ ദിനമായ സെപ്തംബർ 28 ന് ജില്ല തലത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരൺ ക്യാമ്പയിന്റെ ഭാഗമായാണ് അനുസ്മരണ സെമിനാർ നടത്തുന്നത്.

സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനയാൽ സ്ഥാപിതമായ ഫെഡറിലിസത്തിന്റെ അന്തസത്തയെ ഇല്ലായ്മ ചെയ്യുന്ന ഫാഫിസ്റ്റ് ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്ര ഭരണകൂടം വിഭാവനം ചെയ്യുന്നതെന്നും ഇതിനെതിരെ ജനാധിപത്യ ഇന്ത്യൻ വിചാരം ശക്തിപ്പെടുത്തുന്നതിനാണ് ജില്ലാ തലങ്ങളിൽ സെമിനാർ നടത്തുന്നതെന്നും മുനവ്വറലി തങ്ങളും ഫിറോസും തുടർന്നു. ഇന്ത്യൻ ഫെഡറലിസം എറ്റവും വലിയ ഫെഡറൽ സംവിധാനങ്ങളിലൊന്നാണ്. രാജ്യത്ത് ദേശീയ, സംസ്ഥാന ,പ്രദേശിക തലങ്ങളിൽ ജനാധിപത്യ സർക്കാറുകൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളെയും സ്വതന്ത്ര ചുമതലകളെയും ഇല്ലായ്മ ചെയ്യുന്നതും ഏകതാ സംവിധാനത്തിലേക്ക് മാറ്റുക വഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതാണ്. ഇന്ത്യയിൽ ഫെഡറലിസം കേന്ദ്രം-സംസ്ഥാന സമവാക്യത്തിൽ അധിഷ്ഠിതമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തങ്ങൾക്ക് നൽകിയ അധികാര മേഖലയിൽ സ്വാതന്ത്ര്യത്തോടെയുള്ള പ്രവർത്തനമെന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പ്രകാരം, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സമയക്രമം കേന്ദ്രത്തിന്റെതുമായി ബന്ധിപ്പിക്കേണ്ടിവരും. ഇതു സംസ്ഥാനങ്ങളുടെ ഭരണസൗകര്യത്തെ ബാധിക്കും. ഇന്ത്യയുടെ ഭൂപ്രദേശവും, സംസ്‌കാരങ്ങളുടെ വൈവിധ്യവും പരിഗണിച്ച് ഫെഡറലിസം ജനാധിപത്യത്തിന്റെ നെട്ടല്ലാണ്.

സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസ്ഥിതികളും , പ്രത്യേകതകളും മാറിമറിയുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരുകൾ മുടങ്ങുകയോ താഴുകയോ ചെയ്താൽ, തിരഞ്ഞെടുപ്പ് വേളകൾ നിർബന്ധമായും മാറ്റേണ്ടിവരും. ഒരേ സമയത്ത് പാർലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ദേശീയ വിഷയങ്ങൾ സ്ഥാനപ്രാധാന്യം നേടും.

സംസ്ഥാന ചർച്ചകൾ, പ്രാദേശിക പ്രശ്നങ്ങൾ, അവരുടെ അഭ്യർത്ഥനകൾ പരിഗണിക്കപ്പെടാതെ പോവാൻ ഇത് കാരണമാവുകയും ഭരണത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കൗൺസിലർ മുതൽ ഇന്ത്യൻ പാർലിമെൻറ് വരെയുള്ള ഭരണ സംവിധാനങ്ങളിൽ പങ്കാളിത്തം വഹിച്ച മികച്ച ഭരണാധികാരിയുടെ സ്മരണയിൽ വർത്തമാന ഇന്ത്യൻ രാഷ്ടീയം ചർചചെയ്യുന്ന സെമിനാർ വിജയിപ്പിക്കുവാൻ നേതാക്കൾ അഭ്യർത്ഥിച്ചു.

webdesk13: