ആലപ്പുഴ: പ്രളയത്തില്‍ വീട് തകര്‍ന്ന അമ്മക്ക് യുവജനയാത്രക്കിടെ വാഗ്ദാനം ചെയ്ത ബൈത്തുറഹ്മ കൈമാറി.യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അങ്ങേയറ്റം സന്തോഷമുള്ള മുഹൂർത്തത്തിനാണ് ഞങ്ങളിന്ന് സാക്ഷ്യം വഹിച്ചത്. യുവജനയാത്ര ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴയിലെത്തിയപ്പോഴാണ് പ്രളയത്തിൽ തകർന്ന് പോയ തന്റെ വീടിനെ കുറിച്ച് ഈ അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് വിവരിച്ചത്. യുവജന യാത്ര നിർത്തി വെച്ച് വീട് കാണാൻ ചെന്നപ്പോൾ കണ്ടത് പറഞ്ഞതിലേറെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങൾ.
ഈ അമ്മ വിധവയാണ്. വീട്ടിൽ ഭർത്താവുപേക്ഷിച്ചു പോയ മകളും കൊച്ചു കുട്ടിയും. ഇവർക്ക് വീട് നിർമ്മിച്ചു കൊടുക്കുമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുവജന യാത്രയിൽ പ്രഖ്യാപിച്ചു. റിയാദ് കെ.എം.സി.സി ഉടനെ വീടിന്റെ നിർമ്മാണച്ചെലവ് ഏറ്റെടുത്തു.
പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു. ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റി ഷാജഹാന്റെയും ബിജുവിന്റെയും നേതൃത്വത്തിലുള്ള ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ വീട് പണി വളരെ പെട്ടെന്ന് പൂർത്തിയാക്കി.
ഇന്ന് ആ അമ്മ നിറകണ്ണുകളോടെ ഗണപതിക്ക് നിവേദ്യം സമർപ്പിച്ച് നിലവിളക്കിന് തിരി കൊളുത്തി.
ഞങ്ങൾ സന്തുഷ്ടരാണ്. യുവജന യാത്രയിലെ സ്വീകരണ പരിപാടികൾ ആളുകൾ വിസ്മരിച്ചാലും കൊടി തോരണങ്ങൾ നശിച്ചു പോയാലും ഇത്തരം നൻമകൾ ബാക്കിയാവുമെന്ന് ഉറപ്പാണ്. ഇത്തരം നൻമയുടെ ചിത്രങ്ങളാണ് ഇന്നിന്റെ രാഷ്ട്രീയത്തിന് അനിവാര്യവും.