X

യോഗി സര്‍ക്കാര്‍ മുസ്‌ലിംലീഗിനെ വേട്ടയാടുന്നു: യൂത്ത് ലീഗ്

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ വൈറസ് പ്രയോഗത്തിനു ശേഷം ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ് റഹ്ബറിനെ കള്ള പരാതിയുടെ പേരില്‍ ആഗ്ര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താജ് മഹലിലെ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഉറൂസ് ആഘോഷത്തില്‍ അജ്ഞാത യുവാവ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന ബജ്‌റംഗ ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുത്തത്.പ്രാദേശിക ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ അജ്ഞാതനായ യുവാവ് മുദ്രാവാക്യം മുഴക്കി പിന്തിരിഞ്ഞോടുന്നത് വ്യക്തമാണ്. ഇതേ തുടര്‍ന്ന് ആഗ്ര പൊലീസ് സ്‌റ്റേഷനില്‍ സംഘടിച്ചെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. താജ് മഹല്‍ പരിസരത്ത് ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫ് നിശബ്ദനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുസ്‌ലിംലീഗ് ആഗ്ര ജില്ലാ നേതാക്കള്‍ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അജ്ഞാത യുവാവിനെ കണ്ടെത്താന്‍ കഴിയാത്തതും, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലിസ് യൂത്ത് ലീഗ് നേതാവിനെ കസ്റ്റഡിയിലെടുത്തതും സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് യോഗി ആദിത്യ നാഥ് സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജന രോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മോദി യോഗി കൂട്ടുകെട്ടിന്റെ ശ്രമം. ഇതുകൊണ്ടൊന്നും രാജ്യത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ഭയപ്പെടുത്താമെന്ന് ബിജെപി വ്യാമോഹിക്കണ്ട.ബിജെപി ക്കെതിരായ മതേതര ശക്തികളുടെ പക്ഷത്തുനിന്നുള്ള പോരാട്ടം മുസ്‌ലിം യൂത്ത് ലീഗ് ശക്തമായി തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം ആഗ്രയിലെ ഉന്നത പൊലീസ് നേതാക്കളുമായി ബന്ധപ്പെട്ടു കടുത്ത പ്രതിക്ഷേധം അറിയിച്ചു. പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതാണെന്നും പക്ഷപാതപരമായ നടപടികള്‍ ഉണ്ടാകില്ലെന്നും പൊലീസ് വൃത്തങ്ങള്‍ ഉറപ്പുകൊടുത്തു ബോധപൂര്‍വ്വം പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമങ്ങളുണ്ടായാല്‍ നിയമപരമായും, രാഷ്ട്രീയമായും നേരിടാനുള്ള തീരുമാനത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം.

web desk 1: