സ്വന്തം ലേഖകന്‍
തൊടുപുഴ: രാജ്യത്ത് വളര്‍ന്ന് വരുന്ന വിഭാഗിയതയും തീവ്രവാദവും വര്‍ഗ്ഗീയതയും തടയാനും സാമുദായിക സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയാത്മകമായി ചിന്തിച്ച് വൈകാരികതയെ തടഞ്ഞ് സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ജനോപകാര പ്രദമായ സമൂഹത്തെ സൃഷ്ടിക്കാനുമുള്ള നീക്കമാണ് മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു . മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ലാ കോണ്‍വെന്‍സിയ പ്രചരണ പരിപാടിയുടെ ഭാഗമായി ദക്ഷിണ മേഖല പര്യടനം ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയിലെത്തിയ തങ്ങള്‍ പത്ര ലേഖകരോട് സംസാരിക്കുകയായിരുന്നു. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യയില്‍ സാമുദായിക ധ്രുവീകരണം നടത്തുവാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ യൂത്ത് ലീഗ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. വിഭാഗീയത വളര്‍ത്താനും മത സൗഹാര്‍ദ്ദം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം. മതസ്പര്‍ദ്ദ സൃഷ്ടിക്കുന്നതും പ്രകോപന പരമായ പ്രഭാഷണങ്ങള്‍ നടത്തുന്നവരും രാജ്യത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും മത സൗഹാര്‍ദ്ദം നിലനിര്‍ത്താനും മതേതര ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ സാംസ്‌കാരീക സാമുദായിക മത നേതാക്കളുമായി ചര്‍ച്ച നടത്താനും സംസ്ഥാനത്ത് ഉടനീളം യൂത്ത് ലീഗ് നേതാക്കള്‍ ജൂലൈ 31 വരെ പര്യടനം നടത്തും ഓഗസ്റ്റ് 3 ന് വിവിധ മത , സാമുദായിക, സംഘടന നേതാക്കളുടെ സംഗമം എറണാകുളത്ത് സംഘടിപ്പിക്കുമെന്നും തങ്ങള്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിച്ച് റേഷന്‍കാര്‍ഡുകള്‍ സുതാര്യമായ രീതിയില്‍ വിതരണം ചെയ്യാന്‍ അദാലത്ത് സംഘടിപ്പിക്കണം.വിദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന സര്‍ക്കാര്‍ തീരുമാനം ഇതുവരേയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല . ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉന്നത ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഭാരവാഹികളായ കെ.എസ്. സിയാദ്, ഇസ്മായില്‍ വയനാട്, ഫൈസല്‍ ബാഫഖി തങ്ങള്‍, സുല്‍ഫിക്കര്‍ സലാം, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, ആഷിക്ക് ചെലവൂര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.