കൊണ്ടോട്ടി; കാലികറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി എയര്‍പോര്‍ട്ടിലേക്ക് സാധന സാമഗ്രികള്‍ കയ്യിലേന്തി സമരം നടത്തി. ഇന്നലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഏഴോളം യാത്രക്കാരുടെ വില പിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ ദൃശ്യ ശ്രാവ്യ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം കത്തിനില്‍ക്കേ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സമരത്തില്‍ പ്രതിഷേധം ജ്വലിച്ച് നിന്നു.
കാലികറ്റ് എയര്‍പോര്‍ട്ടില്‍ കാലങ്ങളായി വരുന്ന പരാതികളില്‍ പ്രധാനപ്പെട്ടതാണ് ലഗേജ് നഷ്ടപ്പെടല്‍. ഇതിനെതിരെയുള്ള പ്രതിഷേധവും പരാതികളും എയര്‍പോര്‍ട്ട് അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ല. ദീര്‍ഘകാല പ്രവാസത്തിനു ശേഷം തിരിച്ച് നാട്ടിലണയുന്ന പ്രവാസികള്‍ക്ക് മുതല്‍ നഷ്ടവും മാനനഷ്ടവും സംഭവിക്കുന്ന ഈ പ്രവണത എയര്‍പോര്‍ട്ടിനെ തന്നെ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടിയാണ്. പരിമിതമായ ദിവസങ്ങള്‍ക്ക് മാത്രം നാട്ടിലെത്തുന്ന പ്രവാസികള്‍ പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്ന സാഹചര്യം മുതലെടുത്താണ് ഈ കൊള്ള അരങ്ങേറുന്നത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയുന്നില്ലെങ്കില്‍ അതോറിറ്റി അതു തുറന്നു പറയണമെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. നിരന്തരമായി ആവര്‍ത്തിക്കുന്ന ഈ കൊള്ള അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായും രാഷ്ട്രിയമായും നേരിടുമെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.ടി അഷ്‌റഫ്, സുബൈര്‍ തങ്ങള്‍, വി.കെ.എം ഷാഫി, ഗുലാം ഹസന്‍ ആലംഗീര്‍, എന്‍.എ കരീം, അഡ്വ. ഷാഹുല്‍ ഹമീദ്, മുഹ്‌യുദ്ദീന്‍ അലി, അസീസ് വള്ളിക്കുന്ന്, അഷ്‌റഫ് പാറച്ചോടന്‍ പ്രസംഗിച്ചു.