ദോഹ: നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് ഇന്ന് കത്താറയില്‍ തുടക്കം. കസാക്കിയന്‍ ചിത്രമായ ദി ഈഗ്ള്‍ ഹണ്‍ട്രസാണ് അജ്യാലിന്റെ ഉദ്ഘാടന ചിത്രം. ഉദ്ഘാടന പരിപാടിയില്‍ ദി ഈഗ്ള്‍ ഹണ്‍ട്രസിന്റെ സംവിധായകന്‍ ഓട്ടോ ബെല്‍, അഭിനേത്രി ഐശോല്‍പാന്‍ നുര്‍ഗൈവ് എന്നിവര്‍ പങ്കെടുക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 550ലേറെ അജ്യാല്‍ ജുറൂര്‍ അംഗങ്ങള്‍ ആറു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിലെ സിനിമകള്‍ വിലയിരുത്തും. മൊഹാഖ്, ഹിലാല്‍, ബദര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അജ്യാല്‍ ജുറികള്‍ സിനിമകള്‍ കാണുക.
ലോകത്തിന് ഗുണാത്മകമായ സന്ദേശങ്ങള്‍ കൈമാറുന്ന സിനിമകളാണ് ഈ വര്‍ഷത്തെ അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തത്. ലോകത്തിലെ 33 രാജ്യങ്ങളില്‍ നിന്നായി 24 ഫീച്ചര്‍ സിനിമകളും 46 ഷോര്‍ട്ട് നെറേറ്റീവ്/ ഡോക്യുമെന്ററികളുമാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. അജ്യാലില്‍ 42 പൊതു സ്‌ക്രീനിംഗുകളും 18 ജൂറി സ്‌ക്രീനിംഗുകളും നടക്കുന്നതിന് പുറമേ ഇന്ററാക്ടീവ് പാനലുകളും മാസ്റ്റര്‍ ക്ലാസ്, റെഡ് കാര്‍പറ്റ്, വിവിധ പ്രദര്‍ശനങ്ങള്‍, ഫാമിലി ഗെയിമുകള്‍ തുടങ്ങിയവയും അരങ്ങേറും.
ലോകം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്കിടയിലും നടക്കുന്ന വനിതാ ശാക്തീകരണം, ഇഷ്ടപ്പെട്ടവരുടെ നഷ്ടം, സാമ്പത്തിക പരാശ്രയത്വം, വിഭജനവും പ്രതിദിന പ്രയാസങ്ങളും എന്നിവയോടൊപ്പം കാത്തുവെക്കുന്ന പ്രതീക്ഷകളാണ് അജ്യാലിലെ സിനിമകള്‍ പ്രതിഫലിപ്പിക്കുക. ഫിലിം ഫെസ്റ്റിവലില്‍ അജ്യാല്‍ ടോക്‌സിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ഗുണാത്മക ചിന്തകള്‍ സമ്മാനിക്കുന്നവരുമായി വിവിധ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സിറിയന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജിസ്, അല്‍ജസീറ പ്ലസ്, അല്‍ജസീറ ഓണ്‍ലൈന്‍ ന്യൂസ് ആന്റ് കറന്റ് അഫയേഴ്‌സ് ചാനല്‍ എന്നിവയുടെ ഒമര്‍ ഹുസൈന്‍, ഫിലാഡല്‍ഫിയ ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ ആന്റ് ബിഹാവേറിയല്‍ സയന്‍സസ് ടീച്ചിംഗ് അസിസ്റ്റന്റും ഡോക്ടറല്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് അല്‍ ഹജ്ജി, യുണൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസ് ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍ മേഖലാ പ്രതിനിധി ഖാലിദ് ഖലീഫ എന്നിവരാണ് അജ്യാല്‍ ടോക്‌സില്‍ പങ്കെടുക്കുക. അജ്യാല്‍ ടോക്‌സില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കും.
അജ്യാല്‍ ടോക്‌സിന്റെ ആദ്യ പ്രഭാഷണം നാളെ വൈകിട്ട് ഏഴരയ്ക്ക് കത്താറ ഒപേറ ഹൗസില്‍ നടക്കും. വെന്‍ വണ്‍ തൗസന്റ് ഗ്രേറ്റര്‍ ദാന്‍ വണ്‍ മില്ല്യന്‍ എന്ന വിഷയത്തില്‍ ഒമര്‍ ഹുസൈന്‍ പ്രഭാഷണം നടത്തും.
ഡിസംബര്‍ രണ്ടിന് വൈകിട്ട് ആറ് മണിക്ക് കത്താറ ഡ്രാമാ തിയേറ്ററില്‍ നടക്കുന്ന അജ്യാല്‍ ടോക്‌സില്‍ വാട്ട് ഐ ലേര്‍ണ്ഡ് ഇന്‍ മൈ ട്വന്റീസ് എന്ന വിഷയത്തില്‍ മുഹമ്മദ് അല്‍ ഹജ്ജിയും ഡിസംബര്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് കത്താറ ഒപേറ ഹൗസില്‍ വൈ റെഫ്യൂജീസ് മാറ്റര്‍ എന്ന വിഷയത്തില്‍ ഖാലിദ് ഖലീഫയും പ്രഭാഷണം നടത്തും. നാലാം തിയ്യതി അജ്യാല്‍ ടോക്‌സിന് ശേഷം ബോണ്‍ ഇന്‍ സിറിയ എന്ന ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം അരങ്ങേറും.
- 8 years ago
chandrika
Categories:
Video Stories
നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
Related Post