തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍ ഇരുന്ന യുവാവ് ഇന്നാണ് മരിച്ചത്. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആയിരുന്നു മരിച്ചത്. തിരുവനന്തപുരം തിരുവല്ലം പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്ത്രീകളെശല്യം ചെയ്ത കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണം.
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പൊലീസ് അതിക്രമങ്ങളും ജന ജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നത്.