കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന സ്വപ്നങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ യുവാക്കളുമായി സംവദിക്കുന്നതിനായി നിയോജകമണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘എമര്‍ജിങ് കല്‍പ്പറ്റ’ എന്നപേരില്‍ യൂത്ത് ഡയലോഗ് മാര്‍ച്ച് 25 വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ ഡോക്ടര്‍ ശശി തരൂര്‍ എംപി സംബന്ധിക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട യുവാക്കളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.
അതോടൊപ്പം ഇതിനകം ജനകീയമായി തീര്‍ന്ന ഐക്യ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയുടെ വിശദീകരണവും പരിപാടികള്‍ ഉണ്ടാകും. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സാധ്യതകള്‍, കാര്‍ഷികമേഖലയിലെ വിപണന സാധ്യതകള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം ,ഫോറസ്റ്റ് ഉല്‍പ്പന്നങ്ങള്‍, അനുബന്ധ വ്യവസായ, പട്ടികവര്‍ഗ ക്ഷേമം ,യുവജന കാര്യം ,സാങ്കേതിക മേഖലയിലെ സാധ്യതകള്‍ ,സ്വയം തൊഴില്‍ സാധ്യതകള്‍ ,ടൂറിസം മേഖലയുടെ ശാക്തീകരണം , തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ ക്രോഡീകരണം സ്ഥാനാര്‍ത്ഥിക്കും,യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിനും സമര്‍പ്പിക്കും.വാര്‍ത്ത സമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, യു ഡി വൈ എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സി ടി ഹുനൈസ് , കണ്‍വീനര്‍ എബിന്‍ മുട്ടപ്പളി , അസീസ് അമ്പിലേരി , രോഹിത് ബോധി, ആല്‍ഫിന്‍ എന്നിവര്‍ പങ്കെടുത്തു