X

ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഷഹൈബിന്റെ പിതാവ് പറഞ്ഞു.

ഷുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെഎസ്‌യുവിനുവേണ്ടി ഇടപെട്ടതാണ് ശത്രുതയ്ക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, നേതാക്കളായ വി.ഡി.സതീശന്‍ കെ.സുധാകരന്‍ എന്നിവര്‍ പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

പി.ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നത്. അക്രമത്തില്‍ പങ്കില്ലെന്നത് സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന്‍ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ആയുധമെടുക്കാന്‍ സി.പി.എം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരനും പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി കാണരുത്. ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

chandrika: