കോഴിക്കോട്: പെരുമണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അനില്‍ കെ പുതിയോത്ത്ശാലയുടെ ഫോട്ടോ കണ്ണൂരിലെ ഹരിദാസന്‍ കൊലയാളിയായ ആര്‍എസ്എസുകാരന്റേതായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും നീക്കം. മുസ്്‌ലിംലീഗ് നേതാവ് ഡോ.എംകെ മുനീര്‍ എംഎല്‍എക്കൊപ്പം അനില്‍ പുതിയോത്ത്ശാല നില്‍ക്കുന്ന ഫോട്ടോ ഹരിദാസിനെ കൊന്ന തീവ്രവാദി ലീഗ് നേതാവ് മുനീറിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍എസ്എസ് ഗുണ്ടാ നേതാവ് മുനീറിനൊപ്പം എന്ന വിശദീകരണത്തോടെ പൊളിറ്റിക്കല്‍ വോയ്‌സ് എന്ന വാട്‌സാപ് ഗ്രൂപില്‍ റിയാസ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കാര്യം പരാതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്്്. കൊല്‍ക്കത്തയില്‍ നിന്നുള്‍പെടെ ഫോട്ടോ കണ്ട് നിരവധി പേരാണ് അനില്‍ പുതിയോത്ത്ശാലയെ വിളിക്കുന്നത്. ഇതോടെ മാനസികമായി ഏറെ പ്രതിസന്ധിയിലായ അനില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്, ജീവനുതന്നെ ഭീഷണിയായ സംഭവം അന്വേഷിച്ച് യഥാര്‍ഥ സാമൂഹ്യദ്രോഹികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അനില്‍ ആവശ്യപ്പെട്ടു.
വ്യക്തികളെ മാനസികമായി തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. വിഷയം സൈബര്‍ പൊലീസിന് കൈമാറിയതായും ്അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതായും ദിനേശ് അറിയിച്ചു.
2018 ജൂണ്‍ 26ന് താന്‍ ജോലി ചെയ്യുന്ന ഗോകുലം പബ്ലിക് സ്‌കൂളില്‍ സ്ഥലം എംഎല്‍എ ആയിരുന്ന ഡോ.എകെ മുനീര്‍ ഒരു പൊതുചടങ്ങിന് വന്നപ്പോള്‍ എടുത്ത സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എടുത്താണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന്്് അനില്‍ പുതിയോത്ത്ശാല ചന്ദ്രികയോട് പറഞ്ഞു.പത്രസമ്മേളനത്തില്‍ എംഎ പ്രഭാകരന്‍, എംപി പീതാംബരന്‍ എന്നിവരും പങ്കെടുത്തു.