കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എമ്മിന്റെ കൊലവിളി; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് സി.പി.എം എടയന്നൂരില്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ വധ ഭീഷണി മുഴക്കിക്കൊണ്ടുളള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മട്ടന്നൂര്‍ ഏരിയ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്ത പ്രകടനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബിനെതിരെ പരസ്യമായി വധഭീഷണി മുഴങ്ങിയത്.

സി.ഐ.ടി.യു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം പ്രതിഷേധ പ്രകടനം നടത്തിയത്.

എടയന്നൂരില്‍ സി.ഐ.ടിയുവും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്നോണം ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലില്‍നിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുന്‍പേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.

കണ്ണൂര്‍ എടയന്നൂരില്‍ വെച്ച് ഇന്നലെ രാത്രിയാണ് ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികള്‍ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

chandrika:
whatsapp
line