തിരുവനന്തപുരം: പിസി ജോര്‍ജിന്റെ ജിഹാദി പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയരുന്നു. യുഡിഎഫ് ജിഹാദികളുടെ കയ്യിലാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
പ്രസ്താവനയ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മറുപടിയുമായി രംഗത്തെത്തി. കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണ് പിസി ജോര്‍ജ് എന്നും സന്ദര്‍ഭത്തിനനുസരിച്ച് വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയില്‍ മുന്നോട്ട് പോകുന്ന ആളാണ് പിസി ജോര്‍ജ് എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പറഞ്ഞു.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിരാഹാര സമരത്തിന്റെ പന്തലിലേക്ക് രണ്ട് ദിവസം മുമ്പ് പിസി ജോര്‍ജ് എത്തിയിരുന്നു. ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാള്‍ എന്ന നിലക്ക് സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഷാള്‍ അണിയിച്ചിരുന്നു. റിജില്‍ മാക്കുറ്റി ഒഴികെയുള്ളവരെല്ലാം ഷാള്‍ സ്വീകരിച്ചിരുന്നു.
നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂര്‍ണ്ണമായ് തിരസ്‌കരിക്കാതെ ഒരു പൊതുവിഷയത്തില്‍ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.എന്നാല്‍ ആദിത്യ മര്യാദക്ക് പോലും പിസി ജോര്‍ജ് അര്‍ഹനല്ലെന്നും ഈ സാഹചര്യത്തില്‍ പിസി ഞങ്ങളെ അണിയിച്ച പൊന്നാട പിസി ജോര്‍ജിന്റെ കോലത്തില്‍ തന്നെ അണിയിച്ച് സമര പന്തലില്‍ വെച്ച് കത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.