മുംബൈ: കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ ഏഴ് സ്വര്‍ണബിസ്‌ക്കറ്റാണ് യുവാവ് വിഴുങ്ങിയതെന്ന് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് വയറ്റില്‍ സ്വര്‍ണബിസ്‌ക്കറ്റ് കണ്ടെത്തിയത്.
ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിയതിന് ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുപ്പതുകാരനായ ഇന്‍തിസാര്‍ അലി എന്നയാളാണ് പിടിയിലായത്. ഏകദേശം 240 ഗ്രാം സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇയാളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തു.
നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള 63കാരനായ വ്യവസായിയും സമാനരീതിയില്‍ സ്വര്‍ണബിസ്‌ക്കറ്റ് വിഴുങ്ങിയിരുന്നു. ഛര്‍ദിയും മലബന്ധവുമായി ആശുപത്രിയിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് വയറ്റില്‍ 400 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റ് കണ്ടെത്തിയത്.