ന്യൂഡല്‍ഹി: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടുള്ള മോദി സര്‍ക്കാറിന്റെ അനിഷ്ടം തീരുന്നില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സ്വയംഭരണ സംഘടനയായ നെഹ്‌റു യുവകേന്ദ്രയുടെ പേരു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച് കേന്ദ്ര യുവജനകായിക മന്ത്രാലയം കേന്ദ്രമന്ത്രിസഭക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ദേശീയ യുവ കേന്ദ്ര സംഘാടന്‍ എന്നാക്കി മാറ്റാനാണ് നിര്‍ദേശം.
1972ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നെഹ്‌റു യുവ കേന്ദ്ര പദ്ധതി ആരംഭിച്ചത്. ഗ്രാമീണ ഇന്ത്യയിലെ വിദ്യാര്‍ത്ഥിയേതര യുവാക്കളുടെ നൈപുണ്യം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 42 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. 198687 ആയതോടെ ഇത് 311 ജില്ലകളിലേക്ക് വ്യാപിച്ചു. രാജീവ് ഗാന്ധിയാണ് സംഘടനക്ക് സ്വയംഭരണപദവി നല്‍കിയത്. ഇതോടെ, 1987ല്‍ നെഹ്‌റു യുവകേന്ദ്ര സംഘാടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നഗരമേഖലകളിലെ കൂടി യുവാക്കളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ടെന്ന് കായിക മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.
ശരിയായ ദേശീയ സ്വഭാവം കാണിക്കുന്നതു കൊണ്ട് നെഹ്‌റുവിന്റെ പേര് ഒഴിവാക്കണമെന്നും ശിപാര്‍ശയിലുണ്ട്. വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ രാജ്യത്തുടനീളം സഞ്ചരിച്ചപ്പോള്‍ നെഹ്‌റു യുവകേന്ദ്രയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ധാരാളം നിവേദനങ്ങള്‍ ലഭിച്ചതായി, സംഘടനയുടെ ഉപാധ്യക്ഷനും ആര്‍.എസ്.എസ് നേതാവുമായ വിഷ്ണു ദത്ത ശര്‍മ പറയുന്നു. നെഹ്‌റുവിന് പകരം വിവേകാനന്ദയുടെ പേര് നല്‍കണം, അല്ലെങ്കില്‍ നാഷണല്‍ യുവകേന്ദ്ര സംഘാടന്‍ എന്നാക്കി മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യം ഞാന്‍ ബോര്‍ഡ് ഗവര്‍ണേഴ്‌സിനു മുമ്പില്‍ അവതരിപ്പിച്ചിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 201616ല്‍ യുവകേന്ദ്രയുടെ ഉപാധ്യക്ഷനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ബി.ജെ. പി മധ്യപ്രദേശ് ഘടകം ജനറല്‍ സെക്രട്ടറിയാണ്.