ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവ് കടംവീട്ടാനായി അമ്മയെ കൊലപ്പെടുത്തി. ഫത്തേപൂരിലാണ് സംഭവമുണ്ടായത്. ഇന്‍ഷൂറന്‍സിന് വേണ്ടിയാണ് ഹിമാന്‍ഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് ഫത്തേപൂര്‍ പൊലീസ് അറിയിച്ചു. 50 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സാണ് ഹിമാന്‍ഷുവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്നത്.
പോപ്പുലര്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ സുപ്പിയിലായിരുന്നു ഹിമാന്‍ഷു ഗെയിം കളിച്ചിരുന്നത്. തുടര്‍ച്ചയായി ഗെയിമുകളില്‍ തോറ്റതോടെ ഹിമാന്‍ഷു പണം കടംവാങ്ങാന്‍ നിര്‍ബന്ധിതനായി. ഏകദേശം 4 ലക്ഷം രൂപയുടെ കടം ഇയാള്‍ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അമ്മായിയുടെ സ്വര്‍ണം മോഷ്ടിച്ചാണ് 50 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പോളിസി അമ്മയുടെ പേരില്‍ ഹിമാന്‍ഷു എടുത്തത്. കൊലപാതകത്തിന് ശേഷം തുകല്‍ സഞ്ചിയിലാക്കിയ അമ്മയുടെ മൃതദേഹം സ്വന്തം ട്രാക്ടര്‍ ഉപയോഗിച്ച് ഇയാള്‍ യമുന നദിക്കരയില്‍ എത്തിക്കുകയായിരുന്നു.
ഹിമാന്‍ഷുവിന്റെ പിതാവ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയേയും മകനേയും കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാരോട് അന്വേഷിച്ചു. ബന്ധുവിന്റെ വീട്ടില്‍ പോവുകയാണെന്നാണ് ഹിമാന്‍ഷു അയല്‍ക്കാരോട് പറഞ്ഞത്. അവിടെയും ഇരുവരും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ പൊലീസി?നെ വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തയത്.