കെയ്‌റോ: 2015ലെ അക്രമസംഭങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഈജിപ്ഷ്യന്‍ പട്ടാള കോടതി എട്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രമുഖ ഇസ്്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവി ഉള്‍പ്പെടെ 17 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട നാലുപേരുടെയും ഖര്‍ദാവിയുടെയും വിചാരണ അവരുടെ അഭാവത്തിലാണ് പൂര്‍ത്തിയാക്കിയത്. തലസ്ഥാനമായ കെയ്‌റോയില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട അക്രമസംഭവങ്ങളിലാണ് കോടതി വിധി. കൊലപാതകത്തിന് പ്രേരിപ്പിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഖര്‍ദാവിക്കെതിരെയുള്ള കുറ്റം. ഈജിപ്തിലെ പട്ടാള ഭരണകൂടം നിരോധിച്ച മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ നാല് പ്രമുഖ നേതാക്കളുള്‍പ്പെടെ 26 പേരെ കുറ്റമുക്തരാക്കി. അഭാവത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ രാജ്യത്ത് തിരിച്ചെത്തി അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങിയാല്‍ പുനര്‍വിചരാണ ഉണ്ടാകുമെന്ന് കോടതി അറിയിച്ചു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റും മുസ്്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ 2013 മധ്യത്തില്‍ പട്ടാള അട്ടിമാറിയിലൂടെ പുറത്താക്കിയ ശേഷം ഈജിപ്ത് അക്രമങ്ങളുടെ പിടിയില്‍ അമരുകയായിരുന്നു. ഈജിപ്തിന്റെ ആവശ്യപ്രകാരം ഖര്‍ദാവിയെ ഇന്റര്‍പോള്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നീക്കി. 91കാരനായ ഖര്‍ദാവി ഇപ്പോള്‍ ഖത്തറിലാണ്. പട്ടാള അട്ടിമറിക്കുശേഷം ഈജിപ്ത് ഭരണകൂടം അദ്ദേഹത്തിനെതിരെ കൊലപാതകം, കലാപം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മുര്‍സിക്കു ശേഷം വന്ന പട്ടാള ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനാണ് ഖര്‍ദാവി.
- 7 years ago
chandrika
Categories:
Views