സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ പാകിസ്താന്റെ യൂനിസ് ഖാന്‍ ടെസ്റ്റില്‍ പുതു ചരിത്രം കുറിച്ചു. 11 രാജ്യങ്ങളില്‍ നിന്ന് സെഞ്ച്വറി നേടിയെന്ന നേട്ടമാണ് യൂനുസ് ഖാന്‍ സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി കുറിച്ചു എന്ന നേട്ടത്തിന് പുറമെയാണിത്.
ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലും സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയാവുന്ന യുഎഇയില്‍ സെഞ്ചുറി നേടിയിട്ടില്ല.
34ാം സെഞ്ച്വറിയാണ് യൂനൂസ് സിഡ്‌നിയില്‍ കുറിച്ചത്. ടോട്ടല്‍ സെഞ്ച്വറികളില്‍ ആറാമനാണ് യൂനൂസ്. 51 സെഞ്ച്വറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുന്നിലുള്ളത്. മത്സരത്തില്‍ പാകിസ്താന്‍ തോല്‍വിയിലേക്ക് നീങ്ങുകയാണെങ്കിലും മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 271 എന്ന നിലയിലാണ്.
279 പന്തില്‍ 15 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 136 റണ്‍സുമായി യൂനുസ് ക്രീസിലുണ്ട്. അതേസമയം 34ാം സെഞ്ച്വറിയോടെ ടെസ്റ്റില്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ നേട്ടത്തിനൊപ്പം എത്താനും യൂനിസ്‌നായി. ഗവാസ്‌കര്‍ക്കും 34 സെഞ്ച്വറികളാണ്. പാകിസ്താന് വേണ്ടി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോര്‍ഡും യൂനുസ് ഖാന്റെ പേരിലാണ്.