ജിഗ്‌നേഷ് മെവാനി / ധീരാന്ദ്ര ഝാ
ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൂനെയില്‍ നിന്ന് സംഘര്‍ഷം മുംബൈയിലേക്ക് പടരുകയായിരുന്നു. ഭീമ കൊര്‍ഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലെ പ്രധാന പ്രാസംഗികരിലൊരാളായിരുന്നു ദലിത് നേതാവും ഇയ്യിടെ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജിഗ്‌നേഷ് മെവാനി. ബ്രാഹ്മിന്‍സ് ആയിരുന്ന പെഷവര്‍ക്കുമേല്‍ ദലിത് സമുദായം നേടിയ വിജയമായാണ് അവര്‍ ഈ യുദ്ധ വിജയത്തെ കാണുന്നത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദലിതര്‍ക്കുനേരെ കാവിക്കൊടിയുമായെത്തിയ സംഘ്പരിവാറുകാര്‍ ആക്രമണം നടത്തിയതോടെ തിങ്കളാഴ്ച പ്രദേശത്ത് വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്. ഈ സാഹചര്യത്തില്‍ ആരാണ് ഇത്തരമൊരു സംഘര്‍ഷത്തിനു വഴിവെച്ചതെന്നതിനെക്കുറിച്ചും ദലിത് പോരാട്ടങ്ങളെക്കുറിച്ചും ജിഗ്‌നേഷ് മെവാനി സംസാരിക്കുന്നു.
? എല്‍ഗര്‍ പരിഷത്ത് തടസപ്പെടുത്തുകയും ദലിതരെ ആക്രമിക്കുകയും ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ്
ദലിതര്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും അവര്‍ ഒരുമിക്കുന്നതും ഇഷ്ടപ്പെടാത്ത ആളുകളാണ് ഈ അക്രമണം നടത്തിയത്. ബി.ജെ.പി, ആര്‍.എസ്.എസ് അനുഭാവികളാണ് ആക്രമണം നടത്തിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബ്രാഹ്മണിസത്തെ അതിന്റെ ഏറ്റവും മോശം രീതിയില്‍ പ്രതിനിധീകരിക്കുന്ന ഈ സംഘടനകള്‍ അഭിനവ പെഷവരാണ്. 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ പൂര്‍വികര്‍ പെഷവര്‍ക്കെതിരെ പൊരുതി. ഇന്ന് എന്റെ തലമുറയിലെ ജനങ്ങള്‍ പുതിയ പെഷവര്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഭീമ കൊരഗൗണ്‍ യുദ്ധത്തിന്റെ വാര്‍ഷികം ദലിതര്‍ സമാധാനപരമായി ആഘോഷിക്കുന്നതില്‍ എന്താണ് പ്രശ്‌നം? ആക്രമണകാരികള്‍ ഈ രീതി സ്വീകരിച്ചത് അവര്‍ ദലിതരുടെ മുന്നേറ്റത്തെ ഭയക്കുന്നതിനാലാണ്.
?എന്തുകൊണ്ടാണ് നിങ്ങള്‍ ആര്‍.എസ്.എസിനെ അഭിനവ പെഷവര്‍ എന്നു വിളിക്കുന്നത് നരേന്ദ്രമോദി ഭരണം ബ്രാഹ്മണിസത്തിന്റെ പുനര്‍ജന്മമാണെന്ന് പ്രഖ്യാപിക്കാന്‍ എന്താണ് കാരണം
ജാതിയില്‍ അടിയുറച്ച ബ്രാഹ്മണിക്കല്‍ ഭരണകൂടത്തെ സംരക്ഷിക്കാനായിരുന്നു പെഷവ ഭരണകൂടം നിലകൊണ്ടത്. അതിനുവേണ്ടി തന്നെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും നിലകൊള്ളുന്നത്. ഉയര്‍ന്ന ജാതിക്കാരുടെ ജാതിമേല്‍ക്കോയ്മ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഹിന്ദു രാഷ്ട്രം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കോര്‍പറേറ്റ് ഹൗസുകളുടെ അത്യാര്‍ത്തിക്ക് വളം നല്‍കിയും ബ്രാഹ്മണിക്കല്‍ അടിച്ചമര്‍ത്തല്‍ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് നവ ഉദാരവത്കരണ നയങ്ങളാണ് മോദി നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ഗുജറാത്ത് മോഡല്‍ ബ്രാഹ്മണിക്കല്‍ മോഡലാണ്. ആ വ്യവസ്ഥിതിയില്‍ ദലിതര്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു സ്ഥാനവുമില്ല. പെഷവരുടെ കാലത്തെന്ന പോലെ ഈ ബ്രാഹ്മണിക്കല്‍ അടിച്ചമര്‍ത്തലിലും അവരുടെ അവകാശങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല.അങ്ങനെയുള്ള ഇവരെ പെഷവാസ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.
? പുതിയ നിലകളിലെത്താന്‍ ദലിത് മുന്നേറ്റങ്ങളില്‍ എന്തുമാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്നാണ് തോന്നുന്നത്
ദലിത് മുന്നേറ്റത്തെ ശരിയായ ദിശയില്‍ കൊണ്ടുപോകണം. അത് വെറും മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങാതെ യഥാര്‍ത്ഥമായ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രോഹിത് വെമുല സംഭവത്തിനുശേഷം ദലിത് യുവാക്കള്‍ക്കിടയിലുണ്ടായ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. അതിനെ സാമ്പത്തികമായ ഉയര്‍ച്ചക്കുവേണ്ടിയുള്ള ദലിതരുടെ പോരാട്ടവുമായി ബന്ധിപ്പിക്കണം. ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം എന്നതിനര്‍ത്ഥം ജാതിക്കും വര്‍ഗമായ അടിച്ചമര്‍ത്തലിനും എതിരെ പോരാടുകയെന്നതാണ്. അതിനര്‍ത്ഥം നവ ഉദാരവത്കരണ നയങ്ങള്‍ ഉണ്ടാക്കിയ നശീകരണത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുയെന്നതാണ്.
എന്തുകൊണ്ട് ദലിത് മുന്നേറ്റത്തിന് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൂടാ. ജി.എസ്.ടിയെയും നോട്ടുനിരോധനത്തെയും, വിദേശനയങ്ങളെയും സാമുദായിക ഐക്യത്തെയും കുറിച്ച് സംസാരിച്ചുകൂടാ? ഇതെല്ലാം ഉള്‍പ്പെട്ടതായിരിക്കണം ദലിത് മുന്നേറ്റം. അപ്പോള്‍ മാത്രമേ അതിന് യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ബന്ധമുണ്ടാകൂ.
? ദലിതരെ മുന്നോട്ടു നയിക്കാന്‍ അടിച്ചമര്‍ത്തലിനെതിരായ നിങ്ങളുടെ പോരാട്ടം എങ്ങനെ മുമ്പോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നത്
ഞങ്ങള്‍ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് രൂപീകരിച്ചിട്ടുണ്ട്. വരുന്ന ആറുമാസത്തില്‍ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ദലിത് കണ്‍വന്‍ഷന്‍ നടത്താന്‍ പദ്ധതിയുണ്ട്. ബ്രാഹ്മണിസത്തിനും മുതലാളിത്തത്തിനും എതിരെ പൊരുതുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ബ്രാഹ്മണിസത്തെ ആക്രമിക്കും. ഭരണം, അഴിമതി, കോര്‍പറേറ്റ് കൊള്ള, കര്‍ഷക ആത്മഹത്യ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടും. സാമൂഹ്യനീതിയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദലിതര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കില്ല.
ഈ വിഷയങ്ങള്‍ ഇതുവരെ ദലിത് മുന്നേറ്റത്തിന്റെ ചില കോണുകളില്‍ മാത്രമാണുണ്ടായിരുന്നത്. അതിനെ ഞങ്ങള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരും. ആദ്യം ഗുജറാത്തില്‍, പിന്നീട് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും.
(കടപ്പാട്: scroll.in)